
കോഴിക്കോട്: നടൻ ധർമജൻ ബോൾഗാട്ടിയെ സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ സാധിക്കുകയില്ലെന്ന് യുഡിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി. കത്തിലൂടെയാണ് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ ചേർന്ന യോഗത്തിലാണ് ധർമജനെതിരെ എതിർപ്പ് വന്നത്.
ബാലുശേരിയിൽ ധർമജൻ മത്സരിക്കുന്നത് യുഡിഎഫിന് ക്ഷീണം വരുത്തുമെന്നും നടി ആക്രമിക്കപ്പെട്ട കേസ് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നതിനാൽ നടനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നും കെപിസിസി അദ്ധ്യക്ഷന് സമർപ്പിച്ച കത്തിൽ നിയോജക മണ്ഡലം കമ്മിറ്റി ആശങ്കപ്പെടുന്നു.
അതേസമയം ധർമജനേക്കാൾ മികച്ച സ്ഥാനാർത്ഥി നൽകുകയാണെങ്കിൽ വിജയം ഉറപ്പാണെന്നും നിയോജക മണ്ഡലം കമ്മിറ്റി കത്തിൽ പറയുന്നുണ്ട്.
ബാലുശേരിയിൽ ധർമജൻ മത്സരിക്കുമെന്നുള്ള സൂചനകൾ പുറത്തുവന്നതിന് പിന്നാലെ നടൻ വിവിധ പരിപാടികളിൽ പങ്കെടുക്കാനും പൊതുരംഗത്തുള്ള നിരവധി പേരുമായി സംവദിക്കാനും തുടങ്ങിയിരുന്നു. കോഴിക്കോട് ജില്ലയിലെ സംവരണ മണ്ഡലമായ ബാലുശേരിയിൽ യുഡിഎഫിനായി കഴിഞ്ഞ തവണ മത്സരിച്ചത് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായിരുന്നു.