
രാജ്യത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഗായികമാരിലൊരാളായ ശ്രേയാഘോഷാൽ അമ്മയാകാനൊരുങ്ങുന്നു. സമൂഹമാദ്ധ്യമത്തിലൂടെ ശ്രേയ തന്നെയാണ് വാർത്ത പുറത്തുവിട്ടത്. മുപ്പത്തിയാറുകാരിയായ ശ്രേയ തന്റെ ബാല്യകാല സുഹൃത്തായ ശിലാദിത്യയെ വിവാഹം കഴിച്ചത് 2018ൽ ആണ്.
'ബേബി ശ്രേയാദിത്യ വരുന്നു"വെന്നാണ് ആഹ്ളാദ വാർത്തയ്ക്കൊപ്പം നിറവയറുമായി നിൽക്കുന്ന തന്റെ ചിത്രവും പങ്കുവച്ച് ശ്രേയ കുറിച്ചത്.2002-ൽ സഞ്ജയ് ലീലാ ബൻസാലിയുടെ ദേവദാസിലൂടെ ബോളിവുഡിൽ അരങ്ങേറിയ ശ്രേയാഘോഷാൽ ഹിന്ദിക്ക് പുറമേ അസമീസ്, ബംഗാളി, ഭോജ്പുരി, ഇംഗ്ളീഷ്, ഫ്രഞ്ച്, ഗുജറാത്തി, കന്നഡ, മറാത്തി, നേപ്പാളി, ഒഡിയ, പാകിസ്ഥാനി, തമിഴ്, തെലുങ്ക്, പഞ്ചാബി, തുളു, മലയാളം എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ ബിഗ് ബി എന്ന ചിത്രത്തിന് വേണ്ടി പാടിയ 'വിടപറയുകയാണോ..." ആണ് ആദ്യ മലയാള ഗാനം.