
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസ് നേതാക്കളുടെ കേരള യാത്രകളിലും സമ്മേളനങ്ങളിലും ആവേശം പകരുന്ന വിളംബരത്തിന്..., തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ആളെക്കൂട്ടുന്ന തകർപ്പൻ പ്രസംഗത്തിന്..., പ്രചാരണ വാഹനങ്ങളിലെ പ്രകമ്പനം കൊള്ളിക്കുന്ന ഓഡിയോ കാസറ്റുകൾക്ക്... ഇതിനെല്ലാം നേതാക്കൾക്ക് സൊണാൾജിനെ വേണം. ത്രസിപ്പിക്കുന്ന ആ വാക്ചാതുരിയും. പക്ഷേ,'കാര്യത്തോടടുക്കുമ്പോൾ കമ്മാളൻ പുറത്ത്!"
എഴുത്തിലൂടെ ശ്രദ്ധേയനാവുകയും വാക്കുകളിലൂടെ പാർട്ടി അണികൾക്ക് ഹരം പകരുകയും ചെയ്യുന്ന സൊണാൾജ് ഇടിച്ചുകയറുന്ന പ്രകൃതക്കാരനല്ല. അതിനാൽത്തന്നെ സ്വന്തം പാർട്ടിയിൽ നിന്നു ലഭിച്ചത് അവസരങ്ങളെക്കാളേറെ അവഗണനകളാണ്. കെ.പി.സി.സി സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയായ പി. സൊണാൾജ് കുട്ടികൾക്കായി ലളിതമായ ഭാഷയിൽ രചിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം ഏറെ പ്രശംസ നേടി. നിരവധി പുസ്തകങ്ങൾ രചിച്ചു. ഇപ്പോൾ ശ്രീനാരായണഗുരുദേവനെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചനയിൽ.
തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് മുൻ ആർ.ഡി.സി മെമ്പർ, അങ്കണവാടി ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്, കേരളകൗമുദി റീഡേഴ്സ് ക്ലബ് കിളിമാനൂർ യൂണിറ്റ് സ്ഥാപക പ്രസിഡന്റ് തുടങ്ങി പ്രവർത്തന മണ്ഡലങ്ങളിൽ ശ്രദ്ധേയൻ. 1989ൽ രമേശ് ചെന്നിത്തല നയിച്ച കേരള മാർച്ചിന്റെ മുഖ്യ അനൗൺസറും ആർ. ശങ്കർ പ്രതിമാ പ്രയാണത്തിന്റെ കോ-ഓർഡിനേറ്ററുമായിരുന്നു. ലോക മലയാളി കൗൺസിൽ മേഖലാജനറൽ സെക്രട്ടറിയും രാജാരവിവർമ്മ നാട്ടരങ്ങ് പ്രസിഡന്റും കിളിമാനൂർ സ്വാതി തിരുനാൾ സംഗീതസഭ ചെയർമാനുമാണ്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മികച്ച മലയാളി പ്രചാരകനുള്ള എം.ജെ. അവാർഡും കേരള സർവകലാശാലാ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും. 2016 നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പാനലിൽ വാമനപുരം മണ്ഡലത്തിൽ സൊണാൾജിന്റെ പേരും ഉൾപ്പെട്ടിരുന്നു. സ്വന്തം നാടായ വാമനപുരത്ത് ഇത്തവണ പാർട്ടി ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സൊണാൾജ്.