05-marthoma-aramana

തിരുവല്ല: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാർത്തോമ്മ സഭ അദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്തയെ സന്ദർശിച്ചു. സഭാ ആസ്ഥാനത്ത് ഇന്നലെ ഉച്ചയ്‌ക്കെത്തിയ നേതാക്കൾ ഇരുപത്തിയഞ്ച് മിനിറ്റോളം അവിടെ ചെലവഴിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ സഭയുടെ താത്പര്യം അറിയിച്ചെന്നും ഇക്കാര്യം പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.

സഭയും രാഷ്ട്രീയവും ജനങ്ങളുടെയാണ്. സഭയ്‌ക്ക് രാഷ്ട്രീയവും രാഷ്ട്രീയകക്ഷിയുമില്ല. എന്നാൽ ജനങ്ങളുടെ കാര്യങ്ങൾ മനസിലാക്കി ആവശ്യങ്ങൾ നേതൃത്വത്തിൽ നിന്ന് നേടിക്കൊടുക്കുന്നത് സഭയാണ്. സഭയ്ക്ക് പ്രവാചകദൗത്യമുണ്ട്. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അതെന്താണെന്ന് മനസിലാക്കി കൊടുക്കുവാനുള്ള ഉത്തരവാദിത്വം സഭയ്‌ക്കുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു. എന്നാൽ പതിവ് സന്ദർശനം മാത്രമാണെന്ന് ഉമ്മൻചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ചെന്നിത്തല പ്രതികരിക്കാൻ തയ്യാറായില്ല.