
മലയിൻകീഴ്: വിളപ്പിൽശാല പുളിയറക്കോണത്ത് റിട്ട.ഫോറസ്റ്റ് ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കുണ്ടമൺ കടവ് കുരിശുമുട്ടം മഴവില്ല് വീട്ടിൽ പി. വിൽസന്റെ (69) മൃതദേഹമാണ് ഇന്നലെ രാവിലെ 6 മണിയോടെ പുളിയറക്കോണത്തിനു സമീപം അലേറ്റി ചപ്പാത്ത് സി.എസ്.ഐ പള്ളിക്ക് എതിർവശത്തെ പറമ്പിൽ കണ്ടത്.
മുഖം ഒഴികെ ശരീരഭാഗങ്ങൾ കത്തിക്കരിഞ്ഞിരുന്നു. പുലർച്ചെ അഞ്ചു മണിയോടെ ഓട്ടോറിക്ഷയിൽ പേയാട് ചന്തമുക്കിലെ ഇറച്ചിക്കടയിലെത്തിയ വിൽസൺ മകന്റെ ഫോൺ നമ്പരും വിലാസവും 2000 രൂപയും അവിടെ ഏൽപ്പിച്ചശേഷം പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന വിൽസണ് അടുത്തിടെയായി ശ്വാസതടസവും ഉണ്ടായിരുന്നതായി മകൻ പറഞ്ഞു. അതാകാം ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാട്ടുകാരാണ് രാവിലെ മൃതദേഹം കണ്ട വിവരം വിളപ്പിൽശാല പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. വാഴകളും മറ്റും വളർന്നുനിൽക്കുന്ന വിജനമായ പറമ്പിന്റെ ഒരു കോണിലാണ് മൃതദേഹം കിടന്നത്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാകാമെന്നാണ് കരുതുന്നത്. മുഖം കത്തിക്കരിഞ്ഞിട്ടില്ലാത്തതിനാലാണ് വിൽസന്റെ മൃതദേഹമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ : ലളിത. മക്കൾ : വിജിൻലാൽ, വിനിതാറാണി.