
കൊട്ടിയം: ക്ഷീരകർഷകന്റെ വീടിന് മുന്നിൽ നിറുത്തിയിരുന്ന സ്കൂട്ടറും ബൈക്കും അർദ്ധരാത്രിയിൽ അജ്ഞാതർ തീവച്ച് നശിപ്പിച്ചു. വീടിന്റെ ജനാലകൾ, മുന്നിൽ സൂക്ഷിച്ചിരുന്ന കച്ചിൽ എന്നിവയിലേയ്ക്കും തീ ആളിപ്പടർന്നു.
മൈലാപ്പൂര് അജീനാ മൻസിലിൽ അംലാദിന്റെ വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന ഹീറോഹോണ്ടാ ഗ്ലാമർ ബൈക്കും ആക്ടീവാ സ്കൂട്ടറുമാണ് തീപിടിച്ച് പൂർണമായും കത്തിനശിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രി ഒരു ണിയോടെയായിരുന്നു സംഭവം. ജനാലച്ചില്ലുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദവും തീയുടെ വെളിച്ചവും ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ബൈക്കും സ്കൂട്ടറും കത്തുന്നത് കണ്ടത്.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. വൈദ്യുതി മീറ്ററിനും ഷെഡിനും ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചു. ഭിത്തി വിണ്ടുകീറിയിട്ടുണ്ട്. കൊട്ടിയം പൊലീസും സയന്റിഫിക് വിദഗദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
വീടിന് എതിർവശത്തുള്ള വയലിൽ സാമൂഹ്യവിരുദ്ധർ സംഘടിച്ചെത്തി ലഹരി ഉപയോഗിച്ചിരുന്നതായി അംലാദ് പറയുന്നു. ഇത് ചോദ്യംചെയ്തതിന്റെ വൈരാഗ്യമാണോ അതിക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്.