antony-raju

തിരുവനന്തപുരം: എൽ.ഡി.എഫ് സീറ്റ് ചർച്ചയിൽ തഴയപ്പെട്ടതിന്റെ നിരാശയിൽ ജനാധിപത്യ കേരള കോൺഗ്രസിനുളളിൽ അമർഷം പുകയുന്നു. അനുകൂല സാഹചര്യമുണ്ടായിരുന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച നാല് സീറ്റിലും തോറ്റതും ജോസ് കെ മാണി എൽ.ഡി.എഫിൽ എത്തിയതുമാണ് ജനാധിപത്യ കേരള കോൺഗ്രസിന്റെ നില പരുങ്ങലിലാക്കിയിരിക്കുന്നത്.

യു.ഡി.എഫ് വിട്ടു വന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടാക്കിയെടുത്ത ഗ്ലാമർ പരിവേഷം ഇത്തവണ പാർട്ടിക്കില്ല. ഇതോടെയാണ് നേതാക്കളും പ്രവർത്തകരും പാർട്ടി വിടാൻ തയ്യാറെടുക്കുന്നത്. എന്നാൽ അവസാന നിമിഷം എവിടേയ്‌ക്ക് പോകുമെന്ന ആശയക്കുഴപ്പത്തിലാണ് ഇവർ. അതേസമയം, തിരുവനന്തപുരം സീറ്റ് ഉറപ്പിച്ച ആന്റണിരാജു മുന്നണിയിൽ ഉറച്ച് നിൽക്കും.

കാലാകാലങ്ങളായി ഇടതുമുന്നണിയോട് ചേർന്ന് നിന്നിരുന്ന പല രാഷ്ട്രീയ കക്ഷികൾക്കും കിട്ടാത്ത പരിഗണനയായിരുന്നു ജനാധിപത്യ കേരള കോൺഗ്രസിന് എൽ.ഡി.എഫ് 2016ൽ നൽകിയത്. എന്നാൽ ഫ്രാൻസിസ് ജോർജിനും ആന്റണിരാജുവിനും അടക്കമുളളവർക്ക് ഇത് മുതലാക്കാനായില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2016 മാർച്ചിലായിരുന്നു പാർട്ടി നിലവിൽ വന്നത്.

ഇത്തവണ അങ്കമാലി മുതൽ തിരുവല്ല വരെയുളള സീറ്റുകളിൽ ഒന്ന് നൽകണമെന്ന ആവശ്യം ജനാധിപത്യ കേരളകോൺഗ്രസ് ഉന്നയിക്കുന്നുണ്ട്. ജോസ് കെ മാണി കൂടി വന്ന സാഹചര്യത്തിൽ വിജയസാദ്ധ്യതയുളള സീറ്റ് നൽകുക വളരെ ബുദ്ധിമുട്ടാണെന്ന സൂചനയാണ് സി.പി.എം നൽകുന്നത്. മദ്ധ്യകേരളത്തിൽ പേരിനൊരു സീറ്റ് പോലുമില്ലെങ്കിൽ പാർട്ടിയുടെ നില വലിയ കഷ്‌ടത്തിലാകും. ഇക്കാര്യം എൽ.ഡി.എഫ് നേതാക്കളെ ആന്റണിരാജു അടക്കമുളളവർ അറിയിച്ചിട്ടുണ്ട്.

ചങ്ങനാശേരി സീറ്റിലായിരുന്നു ജനാധിപത്യ കേരരള കോൺഗ്രസിന്റെ കണ്ണ്. എന്നാൽ ഈ സീറ്റിനായി സി.പി.ഐയും ജോസ് പക്ഷവും പിടിമുറുക്കിയതോടെ ജനാധിപത്യ കേരള കോൺഗ്രസ് വലിയ നിരാശയിലാണ്. സി.പി.ഐക്ക് മത്സരിക്കാൻ എത്രയോ സീറ്റുണ്ടെന്നും എന്തിനാണ് ചങ്ങനാശേരിയിൽ മത്സരിക്കുന്നതെന്നുമാണ് ഇവർ ചോദിക്കുന്നത്.

കഴിഞ്ഞ തവണ ഇടുക്കി, പൂഞ്ഞാർ, ചങ്ങനാശേരി, തിരുവനന്തപുരം സീറ്റുകളിലാണ് ജനാധിപത്യ കേരള കോൺഗ്രസ് മത്സരിച്ചത്. ക്രൈസ്‌തവ വോട്ടുകളിൽ വിളളൽ പ്രതീക്ഷിച്ചായിരുന്നു അന്ന് എൽ.ഡി.എഫ് ഫ്രാൻസിസ് ജോർജിനേയും കൂട്ടരേയും മുന്നണിയിലെടുത്തത്. എന്നാൽ പിന്നീട് ഫ്രാൻസിസ് ജോർജ് തന്നെ മുന്നണി വിട്ട് പോവുകയായിരുന്നു.