
തിരുവനന്തപുരം: കിഫ്ബിയിലെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിൽ നിലപാട് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. ചോദ്യം ചെയ്യലിന് നോട്ടീസ് ലഭിച്ചവർ ഹാജരാകില്ലെന്നും കേസിന് പിന്നിൽ രാഷ്ട്രീയ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തെ നിയമപരമായി സർക്കാർ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ ഇ ഡി ഭീഷണിപ്പെടുത്തുകയാണ്. ഇതൊക്കെ വടക്കേ ഇന്ത്യയിൽ മതി. ലാവ്‌ലിൻ കേസിലെ ഇടപെടൽ ഇ ഡിക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നതിന് തെളിവാണെന്നും ഐസക്ക് ചൂണ്ടിക്കാട്ടി.
ഇന്നലെ ഹാജരാകാൻ ഇ ഡിയുടെ നോട്ടീസ് കിട്ടിയ കിഫ്ബി ഡെപ്യൂട്ടി എം ഡി വിക്രംജിത് സിംഗ് കൊച്ചിയിലെത്തിയിരുന്നില്ല. ഇന്ന് എത്താൻ നോട്ടീസ് നൽകിയ സി ഇ ഒ കെ എം എബ്രഹാമും വരില്ല. ഉദ്യോഗസ്ഥരെ വിളിപ്പിച്ച ഇ ഡി നടപടി പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതി ആയുധമാക്കിയാണ് ചോദ്യം ചെയ്യലിൽ നിന്ന് ഇവർ വിട്ടുനിൽക്കുന്നത്.
ഇ ഡിയുടെ ചോദ്യം ചെയ്യലിനെതിരെ കിഫ്ബിയിലെ ജോയിന്റ് ഫണ്ട് മാനേജർ ചീഫ് സെക്രട്ടറിയെ സമീപിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്നാണ് ഇദ്ദേഹത്തിന്റെ പരാതി. ചീഫ് സെക്രട്ടറി ഇക്കാര്യം പൊലീസിന് കൈമാറുമെന്നാണ് വിവരം.