ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിയ്‌ക്ക് പങ്കെന്ന് സ്വപ്‌ന സുരേഷ് രഹസ്യമൊഴി നൽകിയെന്നാണ് കസ്റ്റംസ് സത്യവാങ്‌മൂലത്തിൽ പറയുന്നത്. മുഖ്യമന്ത്രിക്ക് കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും രഹസ്യമൊഴിയിൽ പറയുന്നു. മൂന്ന് മന്ത്രിമാർക്കും ഡോളർ ഇടപാടിൽ പങ്കുണ്ട്. സ്‌പീക്കർക്കെതിരെയും സ്വപ്‌നയുടെ മൊഴിയുണ്ട്.
ഡോളർ ഇടപാടുകൾ മുഖ്യമന്ത്രിയുടെയും സ്‌പീക്കറുടെയും നിർദേശപ്രകാരമാണെന്നാണ് സ്വപ്‌ന മൊഴി നൽകിയിരിക്കുന്നത്. പല ഉന്നതർക്കും കമ്മീഷൻ കിട്ടി. എല്ലാ ഇടപാടുകളെ കുറിച്ചും തനിക്ക് വ്യക്തമായി അറിയാമെന്നും സ്വപ്‌ന നൽകിയ രഹസ്യമൊഴിയിൽ പറയുന്നു.
ജയിലിൽ വച്ച് സ്വപ്‌നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയിൽ വകുപ്പും കസ്റ്റംസും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ട്. ഈ ഹർജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോൾ നിർണായക സത്യവാങ്‌മൂലം നടത്തിയിരിക്കുന്നത്.
അറബി അറിയാവുന്നവരായിരുന്നില്ല മുഖ്യമന്ത്രിയും സ്‌പീക്കറും. അതിനാൽ ഇവർക്കും കോൺസൽ ജനറലിനുമിടയിൽ മദ്ധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നും സ്വപ്‌ന പറയുന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സ്വപ്‌ന നടത്തിയതെന്നാണ് കസ്‌റ്റംസ് പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കുന്നതായിരിക്കും കസ്റ്റംസ് സത്യവാങ്‌മൂലം.
