kt-jaleel

തിരുവനന്തപുരം: തുടർച്ചയായി രണ്ട് ടേം പൂർത്തിയാക്കിയവർ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് മാറണമെന്ന വ്യവസ്ഥ കർക്കശമാക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചതോടെ നിലവിലെ അഞ്ച് മന്ത്രിമാരും സ്പീക്കറുമടക്കം ഇരുപത്തിയഞ്ചോളം പേർ മത്സരക്കളത്തിനു പുറത്തേക്ക്. തോമസ് ഐസക് (ആലപ്പുഴ), ജി.സുധാകരൻ (അമ്പലപ്പുഴ), പ്രൊഫ. സി.രവീന്ദ്രനാഥ് (പുതുക്കാട്) എ.കെ.ബാലൻ (തരൂർ), ഇ.പി.ജയരാജൻ (മട്ടന്നൂർ) എന്നിവരാണ് ടിക്കറ്റില്ലാതാകുന്ന മന്ത്രിമാർ.

പൊളിറ്റ്ബ്യൂറോയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാകും മത്സരരംഗത്ത്. സ്ഥാനാർത്ഥിപ്പട്ടികയിൽ 50 ശതമാനവും പുതുമുഖങ്ങളാകും. ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റി ഇതിൽ അന്തിമ തീരുമാനമെടുക്കും. തുടർന്ന് ജില്ലാ കമ്മിറ്റികളുടെ അംഗീകാരം നേടി ഔദ്യോഗിക പ്രഖ്യാപനം നടത്തും.

സ്പീക്കർ പി.ശ്രീരാമകൃഷ്ണനു പുറമേ മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ (മലമ്പുഴ), മുൻ മന്ത്രി എസ്. ശർമ്മ (വൈപ്പിൻ) എന്നിവരും 'എക്സിറ്റ്' പട്ടികയിലുണ്ട്. പ്രായാധിക്യത്താൽ വിശ്രമത്തിലുള്ള വി.എസ് ഇത്തവണ ഇതാദ്യമായി പ്രചാരണം നയിക്കാനുണ്ടാവില്ല. മുഖ്യമന്ത്രി തന്നെയാവും പ്രചാരണത്തിലും നായകസ്ഥാനത്ത്.

കല്പറ്റ എൽ.ജെ.ഡിക്ക് വിട്ടുനൽകേണ്ടി വരുമ്പോൾ അവിടെ ഒരു ടേം മാത്രം എം.എൽ.എയായ സി.കെ. ശശീന്ദ്രനും ബേപ്പൂരിൽ സാദ്ധ്യതാ പട്ടികയിലില്ലാത്ത വി.കെ.സി. മമ്മദ് കോയയും ഒഴിവായേക്കാം. അന്തരിച്ച കെ.വി.വിജയദാസിനു പകരം കോങ്ങാട്ടും പുതിയ മുഖമെത്തും.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്കും ഇളവു വേണ്ടെന്ന വ്യവസ്ഥ കഴിഞ്ഞ സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. ഇതിൽ അത്യാവശ്യം ഇളവു നൽകണോയെന്ന് ഇന്ന് സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും. ഒന്നോ രണ്ടോ പേർക്ക് ഇളവുണ്ടാകുമെന്നാണ് സൂചന. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ പുതിയ സാദ്ധ്യതാപട്ടികയിൽ പ്രചരിക്കുന്ന പേരുകാരാണ്.

ഒഴിവാകുന്ന മന്ത്രിമാർ

ഇ.പി.ജയരാജൻ, എ.കെ.ബാലൻ, തോമസ് ഐസക്, ജി.സുധാകരൻ, പ്രൊഫ.സി.രവീന്ദ്രനാഥ്

വീണ്ടും മത്സരിക്കുന്ന മന്ത്രിമാർ

കടകംപ്പള്ളി സുരേന്ദ്രൻ, കെ.കെ.ശൈലജ, ജെ.മേഴ് സിക്കുട്ടിഅമ്മ, എ.സി. മൊയ്തീൻ, ടി.പി.രാമകൃഷ്ണൻ, എം.എം.മണി, കെ.ടി.ജലീൽ. സി.പി.എം സ്വതന്ത്രനായാണ് ജലീൽ കഴിഞ്ഞ മൂന്നു തവണയും മത്സരിച്ചത്. അതുകൊണ്ട് ടേം നിബന്ധന ബാധകമാകില്ല.

ഒഴിവാകുന്ന പ്രമുഖ എം.എൽ.എമാർ

രാജു എബ്രഹാം (റാന്നി), എ. പ്രദീപ്കുമാർ (കോഴിക്കോട് നോർത്ത്), പി.അയിഷ പോറ്റി (കൊട്ടാരക്കര), ബി.സത്യൻ (ആറ്റിങ്ങൽ), ആർ.രാജേഷ് (മാവേലിക്കര), കെ.സുരേഷ് കുറുപ്പ് (ഏറ്റുമാനൂർ), എസ്. രാജേന്ദ്രൻ (ദേവികുളം), പി.ഉണ്ണി (ഒറ്റപ്പാലം), കെ.വി.അബ്ദുൾഖാദർ (ഗുരുവായൂർ), ബി.ഡി.ദേവസ്സി (ചാലക്കുടി), കെ.ദാസൻ (കൊയിലാണ്ടി), ടി.വി. രാജേഷ് (കല്യാശ്ശേരി), ജെയിംസ് മാത്യു (തളിപ്പറമ്പ്), സി.കൃഷ്ണൻ (പയ്യന്നൂർ), കെ.കുഞ്ഞിരാമൻ (ഉദുമ).