lavlin-case

കൊച്ചി: ലാവ്‌ലിൻ കേസിലെ പരാതിക്കാരനായ ടി പി നന്ദകുമാർ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. കനേഡിയൻ കമ്പനിയായ എസ് എൻ സി ലാവ്‌ലിനുമായി ചട്ടങ്ങൾ മറികടന്ന് കരാർ ഉണ്ടാക്കിയതിലൂടെ സർക്കാർ ഖജനാവിന് കോടികളുടെ നഷ്‌ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികൾ കൈക്കൂലിയായി ലഭിച്ചെന്നുമാണ് ആരോപണം. നന്ദകുമാറിന്റെ മൊഴിയടക്കം വിശദമായി പരിശോധിച്ച ശേഷമാണ് കേസെടുക്കേണ്ടതുണ്ടോ എന്നുളള കാര്യത്തിൽ ഇ ഡി തീരുമാനമെടുക്കുക.

2006ൽ നൽകിയ പരാതിയിലാണ് ഇ ഡിയുടെ നടപടി. പതിനഞ്ച് വർഷം മുമ്പ് പരാതി നൽകിയെങ്കിലും കേസിൽ സർക്കാർ ഇടപെടലൊന്നും ഉണ്ടാവാത്തതിനെ തുടർ‌ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ തന്നെ നേരിട്ടുകണ്ട് നന്ദകുമാർ വിവരം അറിയിച്ചിരുന്നു. 2008ൽ കേസുമായി ബന്ധപ്പെട്ട് സി ബി ഐയും ക്രൈം നന്ദകുമാറിന്റെ കൈയിൽ നിന്ന് തെളിവുകൾ ശേഖരിച്ചിരുന്നു.

ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിനാണ് പതിനഞ്ച് വർഷം മുമ്പ് നന്ദകുമാർ പരാതി നൽകിയത്. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ നികുതി വെട്ടിപ്പ് അടക്കമുളളവയായിരുന്നു പരാതിയുടെ ഉളളടക്കം. കഴിഞ്ഞ മാസം 25നാണ് നന്ദകുമാറിന് ഇ ഡി നോട്ടീസ് നൽകിയത്.