chennithala

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ കസ്‌റ്റംസ് മാർച്ച് 4ന് സമർപ്പിച്ച സത്യവാങ്‌മൂലം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌ന കോടതിയിൽ കൊടുത്ത മൊഴിയാണ് സത്യവാങ്‌മൂലത്തിലുള‌ളത്. ഈ മൊഴി അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ട് രണ്ട് മാസമായി. എന്നിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്‌പീക്കർക്കുമെതിരെ അവർ നടപടി എടുത്തില്ലെന്നും ചെന്നിത്തല ചോദിച്ചു.

കോടതിയിൽ തെളിവായി നൽകിയ മൊഴിയിൽ അന്വേഷണം മരവിപ്പിച്ചതാണ്. മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നായപ്പോഴാണ് അന്വേഷണം മരവിപ്പിച്ചത്. ഇതിനുപിന്നിൽ മുഖ്യമന്ത്രിയും ബിജെപിയും തമ്മിലെ ഒത്തുകളിയാണെന്നും ചെന്നിത്തല ആരോപിച്ചു. മന്ത്രിമാരുടെ നിയമവിരുദ്ധ ഇടപാടിനെ കുറിച്ചും കസ്‌റ്റംസ് നൽകിയ റിപ്പോർട്ടിലുണ്ട് ചെന്നിത്തല പറഞ്ഞു.

ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് അവകാശമില്ല. അന്വേഷണം തന്നിലേക്കുതന്നെ എത്തുമെന്ന് കണ്ടാണ് കേന്ദ്ര ഏജൻസിയുടെ പ്രവർത്തനം അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത്. ഇതിന് ശേഷം കേസിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല.ഇതിലൂടെ വെളിവാകുന്നത് കേരള-കേന്ദ്ര ഭരണകൂടങ്ങൾ തമ്മിലെ ഒത്തുകളിയാണ് ചെന്നിത്തല ആരോപിച്ചു.

മുൻപ് പ്രതിപക്ഷം മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടത് ഇത്തരം നടപടികളിൽ മുഖ്യമന്ത്രി പങ്കാളിയാണ് എന്നതിനാലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് കേസിൽ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് കടത്തിന് സഹായം ചെയ്‌ത് കൊടുത്തത്. ഡിപ്ളോമാ‌റ്റിക് ചാനൽ വഴി കോൺസുലേ‌റ്റ് ജനറൽ അറിഞ്ഞാണ് കടത്ത് നടത്തിയത്.കേസിൽ സ്‌പീക്കറുടെ ഇടപെടലിനെ കുറിച്ച് കോടതി തന്നെ ഞെട്ടി എന്ന് പറഞ്ഞിട്ടുണ്ട്. സ്‌പീക്കറെ സംബന്ധിച്ച് പ്രതിപക്ഷം പറഞ്ഞതെല്ലാം ശരിയെന്ന് തെളിഞ്ഞു.

ലാവ്‌ലിൻ കേസ് തിരഞ്ഞെടുപ്പ് തീയതിയിലേക്ക് മാ‌റ്റിയിരിക്കുകയാണ്. അതിന് മുൻപ് കേസ് വരരുതെന്ന് നിർബന്ധമുള‌ളതുകൊണ്ടല്ലേ ഇതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. 21 തവണ മാ‌റ്റിയത് അതിനാലാണ്. കഴിഞ്ഞ അഞ്ചുവർഷമായി മുഖ്യമന്ത്രി മോദിക്കും അമിത് ഷായ്ക്കും എതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയും മോദിയും തമ്മിലെ ഒത്തുകളിയാണിതെല്ലാമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.