darmajan-bolgatty

കോഴിക്കോട്: താനൊരു സീറ്റ് മോഹിയല്ലെന്നും, സ്ഥാനാർത്ഥിത്വം കിട്ടിയാലും ഇല്ലെങ്കിലും പാർട്ടിയുടെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുമെന്നും നടൻ ധർമജൻ ബോൾഗാട്ടി. മണ്ഡലത്തിലെ രണ്ട് പേരെങ്കിലും എതിർപ്പ് പ്രകടിപ്പിച്ചെങ്കിൽ താൻ ഈ സ്ഥാനത്തേയ്ക്ക് വരില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എല്ലാവരുടെയും പിന്തുണയോടെ മാത്രമേ സ്ഥാനാർത്ഥിയാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അതൊടൊപ്പം ബാലുശ്ശേരിയിൽ നിന്നും ഒരു നിയോജക മണ്ഡലം കമ്മിറ്റിയും തനിക്കെതിരെ കെ പി സിസിക്ക് കത്ത് എഴുതിയിട്ടില്ലെന്നും, കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവർ ആണ് ഇതിന് പിന്നിലെന്നും ധർമജൻ പറഞ്ഞു. താൻ എല്ലാ കമ്മിറ്റി ഭാരവാഹികളുമായി സംസാരിച്ചിരുന്നുവെന്നും, അവരാരും കത്തിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും താരം പറഞ്ഞു.


കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ധർമ്മജനെ സ്ഥാനാർത്ഥിയാക്കരുതെന്ന് കാണിച്ച് ബാലുശ്ശേരി യു.ഡി.എഫ് മണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്ത് നൽകിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.