flex

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായി വരുന്നതേയള്ളൂവെങ്കിലും നഗരത്തിൽ പലയിടത്തും ഫ്ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. രാഷ്ട്രീയപാർട്ടികളുടെ കൺവെൻഷനും സമ്മേളനങ്ങളും സംബന്ധിച്ച ഫ്ളക്സ് ബോർഡുകൾ നേരത്തെ തന്നെ നഗരത്തിൽ സ്ഥാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഫ്ളക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സ്ഥാനാർത്ഥികളുടെ ചിത്രം പൂർണമായി തെളിയുന്നതോടെ ഫ്ലക്സ് ബോർഡുകളുടെ എണ്ണവും കൂടും.

കന്റോൺമെന്റ് സ്റ്റേഷന് മുൻവശം മുതൽ പ്രസ് ക്ളബ്ബിലേക്കുള്ള റോഡ‌ിന്റെ ഇരുവശങ്ങളും ഫ്ളക്സ് ബോർഡുകൾ നിറഞ്ഞിരിക്കുകയാണ്. കാൽനട യാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്ന തരത്തിലാണ് പല സ്ഥലങ്ങളിലും ഫ്ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ഹൈക്കോടതിയുടെ വിലക്കുണ്ടെങ്കിലും അവയെല്ലാം ലംഘിച്ച് ഫ്ലക്സ് ബോർഡുകൾ കൂടാതെ, ബാനറുകൾ, ഹോർഡിംഗുകൾ എന്നിവയും നഗരത്തിൽ യഥേഷ്ടം സ്ഥാപിച്ചിട്ടുണ്ട്. കവടിയാർ,​ വെള്ളയമ്പലം,​ ശാസ്തമംഗലം,​ സെക്രട്ടേറിയറ്റിന് മുൻവശം തുടങ്ങിയ സ്ഥലങ്ങളെല്ലാം ഫ്ളക്സുകൾ സ്ഥാപിക്കാനുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ജില്ലാകളക്ടറുടെ നേതൃത്വത്തിൽ നഗരത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലെ ഫ്ലക്സ് ബോർഡുകൾ അധികൃതർ നീക്കിയിരുന്നു. എന്നാൽ,​ തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. റോഡിന് വശങ്ങളിലെ വൈദ്യുത പോസ്റ്റുകളിലും തെരുവ് വിളക്കുകളിലുമാണ് കൂടുതലായി ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. വലിപ്പമുള്ളവയായതിനാൽ തന്നെ ഇവ കാൽനട യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ നഗരസഭയുടെ റവന്യൂ വിഭാഗം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും അടക്കം പന്ത്രണ്ടായിരത്തോളം അനധികൃത ഫ്ലക്‌സ് ബോർഡുകളും പരസ്യ ബോർഡുകളുമാണ് നീക്കം ചെയ്തത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഫ്ളക്‌സ് ബോർഡുകളുടെ എണ്ണം കുറഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബോർഡുകൾ തിരികെ പ്രത്യക്ഷപ്പെട്ടതായി കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറയുന്നത്. അതുപോലെ തന്നെ പരിപാടികൾക്കായി സ്ഥാപിച്ച ബോർഡുകൾ അവ നടന്നുകഴിഞ്ഞതിനു ശേഷവും നീക്കിയിട്ടില്ല. പലയിടത്തും മതിലുകൾ കാണാനാകാത്ത തരത്തിൽ ബോർഡുകളും ഫ്ളക്സുകളും സ്ഥാപിച്ചിട്ടുണ്ട്.


ബോർഡുകൾ ഒന്നും തന്നെ ശരിയായ രീതിയിൽ സംസ്കരിക്കാതിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. അതിനാൽ തന്നെ ഇവ കടുത്ത ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നു. പി.വി.സിയും പോളിസ്റ്ററും പല പാളികളായി അടുക്കിയാണ് ഫ്ളക്സ് ഷീറ്റുകൾ നിർമ്മിക്കുന്നത്. പോളിസ്റ്ററും പി.വി.സി.യും വേർപെടുത്താതെ ഇവ പുനരുപയോഗം നടത്താൻ സാധിക്കില്ല. ഇത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കും. ഓരോ ജില്ലകളിലും ദിനംപ്രതി 1,000 ചതുരശ്ര അടി ഫ്ളക്സ് പ്രിന്റ് ചെയ്യുന്നുവെന്നാണ് കണക്ക്. പരമാവധി ഒരു വർഷം മാത്രം ആയുസുള്ള ഇവ മാലിന്യക്കൂമ്പാരമായി മാറുകയാണ് ചെയ്യുക. ഫ്ളക്സുകൾക്ക് ആയുസ് കൂട്ടുന്നതിന് വേണ്ടി രാസവസ്തുക്കൾ ചേർക്കാറുണ്ട്. പി.വി.സിക്ക് നിറം നൽകുവാനും മൃദുവാക്കാനും ജൈവ വിഘടനം ഒഴിവാക്കാനും ഉപയോഗിക്കുന്ന പല രാസവസ്തുക്കളും അലിഞ്ഞ് കുടിവെള്ളത്തിലെത്തുകയോ ബാഷ്പീകരണം നടന്ന് വായുവിൽ വ്യാപിക്കുകയോ ചെയ്യുന്നു.

പോളി എത്തിലീൻ പോളി പ്രോപ്പലീൻ, പോളിസ്റ്റെറീൻ വിഭാഗത്തിൽപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗ ശൂന്യമായിക്കഴിഞ്ഞാൽ ഷ്രെഡ് ചെയ്ത് റോഡ് ടാറിംഗിന് ഉപയോഗിക്കാം. എന്നാൽ പി.വി.സി. ഉൽപന്നങ്ങൾ ഇങ്ങനെ ഉപയോഗിക്കാനാകില്ല. ചൂടേൽക്കുമ്പോൾ ഇവ വിഷവാതകങ്ങൾ പുറന്തള്ളും. ഇതും കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ബോർഡുകൾ മഴയത്ത് കേടായി തകർന്ന് റോഡിലേക്കും കാൽനട യാത്രക്കാരുടെ ശരീരത്തിലും വീണ് അപകടങ്ങൾ ഉണ്ടാകാറുണ്ട്.