bindu-mannar

ആലപ്പുഴ: മാന്നാറിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ ഗുണ്ടാ നേതാവ് പിടിയിൽ. കോട്ടയം സ്വദേശി ഷംസ് ആണ് പിടിയിലായത്. മാന്നാർ സ്വദേശിനി ബിന്ദുവിനെ തട്ടിയെടുത്ത് കൈമാറാൻ ഏൽപ്പിച്ചിരുന്നത് ഷംസിന്റെ ക്വട്ടേഷൻ സംഘത്തിനാണ്. ഇയാളുടെ സംഘാംഗങ്ങളായ നാല് പേരെ മുൻപ് തന്നെ പിടികൂടിയിരുന്നു. തിരുവല്ല സ്വദേശി ബിനോ വർഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം പറവൂർ‌ സ്വദേശി അൻഷാദ്, എറണാകുളം സ്വദേശി സുബീർ എന്നിവരാണ് നേരത്തെ അറസ്‌റ്റിലായത്.

ഈ സംഘവുമായി ബിന്ദുവിന് ബന്ധമുണ്ടെന്നാണ് പൊലീസ് അനുമാനം. നിരവധി തവണ സ്വർണം കടത്തിയിട്ടുള‌ള ബിന്ദു ഫെബ്രുവരി 19ന് ബെൽറ്റിനുള‌ളിൽ പേസ്‌റ്റ് രൂപത്തിലാണ് സ്വർണം കടത്തിയത്. കൊടുവള‌ളി സ്വദേശി രാജേഷിനുള‌ളതായിരുന്നു ഇത്. ഇവർക്ക് സ്വർണം എത്തിക്കാത്തതിനെ തുടർന്നാണ് ബിന്ദുവിനെ സംഘം വീട് കയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. സ്വർണം മാലിയിൽ ഉപേക്ഷിച്ചെന്നാണ് ബിന്ദു നൽകിയ മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. കസ്‌റ്റംസും ഈ കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 22ന് പുലർച്ചെയാണ് ബിന്ദുവിനെ സംഘം തട്ടിക്കൊണ്ടുപോയത്.