ed-dollar-case

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിപ്പകർപ്പ് നൽകണമെന്ന് കസ്‌റ്റംസിനോട് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ്. ഡോളർ കടത്തിൽ കസ്‌റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് അടിയന്തരമായി തങ്ങൾക്ക് നൽകണം. ലൈഫ് മിഷൻ കേസ് അന്വേഷണത്തിൽ ഇവരുടെ മൊഴികൾ നിർണായകമാണെന്ന് ഇഡി അറിയിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച കോഴയാണ് പിന്നീട് ഡോളറാക്കി മാറ്റിയത്. അതിനാൽ ലൈഫ് മിഷൻ കേസിൽ ഇവരെ ചോദ്യം ചെയ്യുന്നതിന് മുൻപ് ഡോളർ കടത്തിൽ ഇവർ നൽകിയ മൊഴി പരിശോധിക്കണമെന്നും ഇ.ഡി പറയുന്നു.

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് നിർണായകമായ മൊഴി നൽകിയ വിവരം ഇന്നലെ കോടതിയിൽ കസ്‌റ്റംസ് സമർപ്പിച്ച സത്യാവാങ്‌മൂലത്തിലാണുള‌ളത്. സ്‌പീക്കർക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്നും സത്യവാങ്‌മൂലത്തിലുണ്ട്. മുഖ്യമന്ത്രിക്ക് കോൺസൽ ജനറലുമായി നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും ഇതിൽ പറയുന്നു. ഡോളർ കടത്ത് മുഖ്യമന്ത്രിയുടെയും സ്‌പീക്കറുടെയും നിർദ്ദേശപ്രകാരമാണെന്നും പല ഉന്നതർക്കും കമ്മീഷൻ ലഭിച്ചെന്നും കസ്‌റ്റംസിന് സ്വപ്‌ന രഹസ്യമൊഴി നൽകി. ജയിലിൽ വച്ച് സ്വപ്‌നയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജയിൽ വകുപ്പും കസ്‌റ്റംസും തമ്മിൽ തർക്കമുണ്ട്. ഇതിന്റെ ഹർജിയുടെ ഭാഗമായാണ് കോടതിയിൽ കസ്‌റ്റംസ് നിർണായക സത്യവാങ്‌മൂലം നൽകിയത്.