
തിരുവനന്തപുരം: കെട്ടിട നികുതി, സർവീസ് സെസ് എന്നിവയിൽ നിന്ന് നഗരസഭയ്ക്ക് ലഭിക്കേണ്ട വരുമാനത്തിൽ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തിനിടെ കുറവ് രേഖപ്പെടുത്തി. 2018-19 നും 2019-20 നും ഇടയിൽ 19 ശതമാനത്തിന്റെ കുറവാണ് കെട്ടിട നികുതി വരുമാനത്തിൽ രേഖപ്പെടുത്തിയത്. 2018-19 സാമ്പത്തിക വർഷം സർവീസ് സെസ് ഇനത്തിൽ 4.3 കോടി കിട്ടിയപ്പോൾ 2019-20ൽ അത് 3.9 കോടിയായി കുറഞ്ഞതായും നഗരസഭയുടെ പുതിയ കൗൺസിലിൽ അവതരിപ്പിച്ച ബഡ്‌ജറ്റിൽ പറയുന്നു.
2019-20ൽ കെട്ടിട നികുതിയിൽ നിന്നുള്ള വരുമാനം 34 കോടിയാണ് കുറഞ്ഞത്. 2017-18 ൽ 39 കോടിയും 2018-19ൽ 42 കോടിയുമായിരുന്നു വരുമാനം. ഇക്കാലയളവിൽ സർവീസ് സെസിലും കാര്യമായ കുറവുണ്ടായി. നികുതി പരിഷ്കരണം വന്നതാണ് വരുമാനത്തിൽ കുത്തനെ കുറവുണ്ടാകാൻ കാരണമായതെന്ന് റവന്യൂ അധികൃതർ ചൂണ്ടിക്കാട്ടി. നികുതി പരിഷ്‌കരണത്തെ തുടർന്ന് അടയ്ക്കേണ്ട തുക യഥാർത്ഥ തുകയെക്കാൾ കൂടിയതും പ്രശ്നമായി. ഒറ്റയടിക്ക് ഭീമമായ തുക വന്നതോടെ പലരും പരാതിയുമായി രംഗത്ത് വരികയും ചെയ്തു. ഇതേതുടർന്ന് യഥാർത്ഥ തുക അടുത്ത സാമ്പത്തിക വർഷത്തിലേക്ക് വരവ് വച്ചു. ഇതാണ് വരുമാനം കുറയാൻ ഇടയാക്കിയത്.
സേവന നികുതിയിലൂടെ നഗരസഭയ്ക്ക് അധികവരുമാനമാണ് ലഭിച്ചുവന്നത്. കേരള മുനിസിപ്പൽ നികുതി പരിഷ്‌കരണ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് സർവീസ് സെസ് പിരിക്കുന്നത്. പ്രധാനമായും നാല് മേഖലകളിൽ നിന്ന് സർവീസ് സെസ് പിരിക്കാനാണ് അനുമതി. ഖരമാലിന്യ സംസ്‌കരണം, പൊതുടാപ്പുകളിലൂടെയുള്ള കുടിവെള്ള വിതരണം, ഡ്രെയിനേജ് മെയിന്റനൻസ്, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ എന്നിവയാണ് അവ. കെട്ടിടനികുതിയുടെ 4 ശതമാനമാണ് ഖരമാലിന്യ സംസ്കരണത്തിനുള്ള സെസ്. കുടിവെള്ള വിതരണം (3%), തെരുവ് വിളക്ക് സ്ഥാപിക്കൽ (2%), ഡ്രെയിനേജ് സംവിധാനം (1%) എന്നിങ്ങനെയാണ് മറ്റ് സെസ്.