
വാഷിംഗ്ടൺ: അമേരിക്കയുടെ ഉത്തരവാദിത്വമിപ്പോൾ ഇന്ത്യൻ വംശജരുടെ കരങ്ങളിലാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. പെഴ്സിവിയറൻസ് ചൊവ്വയിൽ വിജയകരമായി ഇറങ്ങിയതിൽ നാസയിലെ നാസ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ അവരുമായി വെർച്വൽ സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണനിർവഹണരംഗത്ത് നിയോഗിക്കപ്പെട്ട ഇന്ത്യൻ വംശജരുടെ എണ്ണത്തിലെ വർദ്ധനവിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു. പെഴ്സിവിയറൻസ് വിജയകരമായി ദൗത്യം പൂർത്തിയാക്കിയതിന് പിന്നിൽ നാസയിൽ ഗൈഡൻസ്, നാവിഗേഷൻ, കൺട്രോൾ ഓപ്പറേഷൻസ് ചുമതലയുള്ള ഇന്ത്യൻ വംശജയായ സ്വാതി മോഹന് ഏറെ പ്രശംസ ലഭിച്ചിരുന്നു. അമേരിക്കയിലെ ഇന്ത്യൻ വംശജർ രാജ്യത്തിന്റെ ഭരണം പിടിക്കുകയാണ്. സ്വാതി മോഹൻ, വൈസ് പ്രസിഡന്റ് (കമല ഹാരിസ്), എന്റെ പ്രഭാഷണ എഴുത്തുകാരൻ വിനയ് റെഡ്ഡി - ബൈഡൻ പറഞ്ഞു.
അധികാരത്തിൽ 50 ദിവസം പൂർത്തിയാക്കുന്നതിനിടെ ഭരണരംഗത്ത് 55 ഇന്ത്യൻ വംശജരെ ബൈഡൻ നിയമിച്ചു. സർക്കാരിന്റെ എല്ലാ തലങ്ങളിലും ഇന്ത്യൻ വംശജർ പ്രവർത്തിക്കുന്നുണ്ട്. മാല അഡിഗ, ഐഷ ഷാ, സമീറ ഫസിലി, സുമോന ഗുഹ, സബ്രിന സിംഗ്, മലയാളിയായ ശാന്തി കളത്തിൽ ഗരിമ വർമ, സോണിയ അഗർവാൾ, നേഹ ഗുപ്ത, റീമ ഷാ, താനിയ ദാസ് തുടങ്ങി 20 ഇന്ത്യൻ വനിതകളും ബൈഡന്റെ സംഘത്തിലുണ്ട്. ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസിൽ ഇന്ത്യൻ വംശജർക്ക് കാര്യമായ സ്വാധീനവുമുണ്ട്.
ഇന്ത്യൻ വംശജർക്ക് കൂടുതൽ പ്രാതിനിദ്ധ്യം നൽകിയ ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ബൈഡൻ.
ആരോഗ്യം, ദേശീയ സുരക്ഷ, മനുഷ്യാവകാശം, നിയമം തുടങ്ങി സുപ്രധാനമേഖലകളിൽ ഇന്ത്യൻ വംശജർ പ്രവർത്തിക്കുന്നുണ്ട്.നേരത്തെ ബറാക് ഒബാമ പ്രസിഡന്റായ ഘട്ടത്തിലും നിരവധി ഇന്ത്യൻ വംശജരെ നിയമിച്ചിരുന്നു. എണ്ണത്തിൽ കുറവായിരുന്നുവെങ്കിലും ട്രംപ് പ്രസിഡന്റായിരിക്കെ ദേശീയ സുരക്ഷ കൗൺസിലിൽ കാബിനറ്റ് പദവിയോടെ ഒരാളെ നിയമിച്ചിരുന്നു.
പുതിയ പദവികളിൽ വിവേക് മൂർത്തി യു.എസ് സർജൻ ജനറലും വനിത ഗുപ്ത അസോസിയേറ്റ് അറ്റോണി ജനറലുമാകും. ഇതിനിടെ, വൈറ്റ്ഹൗസ് മാനേജ്മെന്റ് ആൻഡ് ബഡ്ജറ്റ് ഡയറക്ടറായി നീര ടണ്ടനെ നാമനിർദേശം ചെയ്തിരുന്നുവെങ്കിലും റിപ്പബ്ലിക്കൻ അംഗങ്ങളുടെ പ്രതിഷേധം മൂലം അവർ അവസാനനിമിഷം പിൻമാറി.