
ഓരോരുത്തരുടേയും ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങൾ വ്യത്യസ്ഥമാണ്. സ്ത്രീകൾക്ക് ഓരോ പ്രായത്തിലും വ്യത്യസ്തമായ വിറ്റാമിനുകളാണ് ആവശ്യം. അവർക്ക് പുരുഷൻമാരെ അപേക്ഷിച്ച് കൂടുതൽ പോഷകാഹാരം ആവശ്യമാണ്.
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ആവശ്യമായ പോഷകാഹാരത്തിന്റെ അളവിൽ മാറ്റം വന്നുകൊണ്ടേയിരിക്കും. ആരോഗ്യകരവും വ്യത്യസ്തവുമായ ആഹാരക്രമത്തിനായി എല്ലാത്തരത്തിലുമുളള പോഷകാഹാരങ്ങൾ അനിവാര്യമാണ്. യൗവനാരംഭം, ആർത്തവകാലം, ഗർഭകാലം, പ്രസവാനന്തരകാലം, ആർത്തവ വിരാമം തുടങ്ങിയ അവസ്ഥകളിലൂടെ സ്ത്രീകൾ കടന്നു പോകുന്നു. അതുകൊണ്ടുതന്നെ ഓരോ കാലഘട്ടത്തിലും പ്രത്യേകം പ്രത്യേകം വിറ്റാമിനുകൾ അവരുടെ ആരോഗ്യസംരക്ഷണത്തിനായി വേണ്ടിവരുന്നു.
സ്ത്രീകൾക്ക് ആവശ്യമായ വിറ്റാമിനുകളുടെ കാര്യത്തിൽ പ്രത്യേക പരിഗണിന നൽകേണ്ടതാണ്. ജീവിതചക്രത്തിന്റെ വിവിധഘട്ടങ്ങളിൽ സ്ത്രീകളുടെ ശരീരം പലതരം മാറ്റങ്ങൾക്ക് വിധേയമാകുന്നു. അതുകൊണ്ടുതന്നെ ഓരോഘട്ടത്തിലും പ്രത്യേക പരിഗണനയും നൽകേണ്ടതായിവരുന്നു. കൗമാരപ്രായത്തിലും യൗവനാരംഭത്തിലേക്ക് കടക്കുകയും ചെയ്യുന്നവരേക്കാൾ ഗർഭധാരണം നടത്തിയ സ്ത്രീകൾക്ക് വ്യത്യസ്ഥമായ വിറ്റാമിനുകൾ ആവശ്യമാണ്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമായ അഞ്ച് വിറ്റാമിനുകൾ ഏതൊക്കെയാണെന്ന് നോക്കാം.
വിറ്റാമിൻ ബി12
ഏറ്റവും അത്യന്താപേക്ഷിതമായ വിറ്റാമിനുകളിൽ ഒന്നാണിത്. ബി12 ആഹാരത്തെ ഗ്ളൂക്കോസായി മാറ്റുകയും ഊർജം ഉദ്പാതിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. സ്ത്രീകൾക്ക് ഈ വിറ്റാമിൻ വളരെ കൂടിയ അളവിൽ ലഭിക്കേണ്ടത് അനിവാര്യമാണ്. ബി12 ചയാപചയം വർദ്ധിപ്പിക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ഫോളിക് ആസിഡ്
ഗർഭ ധാരണം നടത്തിയ സ്ത്രീകൾക്ക് ഫോളിക് ആസിഡ് വളരെ അത്യന്താപേക്ഷിതമാണ്. ഇത് നാഡീരോഗങ്ങൾ, ദീർഘകാല രോഗങ്ങൾ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഫോളിക് ആസിഡ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അനിവാര്യമാണ്.
വിറ്റാമിൻ കെ
പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദ്രോഗങ്ങളും ഇത് മൂലമുളള മരണനിരക്കും വളരെക്കൂടുതലാണ്. വിറ്റാമിൻ കെ ഹൃദയത്തിന്റെയും ഹൃദയ ധമനികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനാൽ സ്ത്രീകളുടെ ആഹാരക്രമത്തിൽ വിറ്റാമിൻ കെ അടങ്ങിയ ആഹാരങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്.
മഗ്നീഷ്യം
പ്രീമെൻസ്ട്രുവൽ സിൺട്രം തടയുന്നതിന് മഗ്നീഷ്യം സഹായകരമാകുന്നു. അതുകൊണ്ട് തന്നെ യൗവനകാലത്തേക്ക് കടക്കുന്ന പെൺകുട്ടികൾ മഗ്നീഷ്യം അടങ്ങിയ ഭക്ഷണം ദിവസേനയുളള ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
വിറ്റാമിൻ ഡി
വിറ്റാമിൻ ഡി നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ശാരീരികമായും മാനസികമായും നിങ്ങളെ ശക്തരാക്കുകയും ചെയ്യുന്നു. ഇവയുടെ കുറവ് ഹൃദ്രോഗങ്ങൾ, കാൻസർ, പ്രമേഹം, ആസ്ത്മ എന്നിവയുടെ സാദ്ധ്യത വർദ്ധിപ്പിക്കും. ആരോഗ്യത്തോടെയിരിക്കാൻ, ഒരു സ്ത്രീക്ക് എല്ലാ ദിവസവും ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കേണ്ടതാണ്.