
കാബൂൾ: അഫ്ഗാനിലെ സോർഖ്റോഡിൽ തോക്കുധാരികൾ ഏഴ് ഫാക്ടറി തൊഴിലാളികളെ കൊലപ്പെടുത്തി. പ്ലാസ്റ്റർ ഫാക്ടറി തൊഴിലാളികളാണ് കൊല്ലപ്പെട്ടതെന്ന് നംഗർഹാർ പ്രവിശ്യയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രതികളെന്ന് സംശയിക്കുന്ന നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ജലാലാബാദിൽ ഓട്ടോ റിക്ഷയിൽ സഞ്ചരിച്ച വനിതാ ഡോക്ടർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പ്രവിശ്യാ ആശുപത്രിയിലെ ഡോക്ടറായിരുന്നു. മൂന്നു കുട്ടികളടക്കം നിരവധി പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റു. അതേസമയം, പ്രദേശത്ത് നടന്ന സമാനമായ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇതിൽ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ദിവസം ഒരു ഭീകരനെ പിടികൂടാൻ പടിഞ്ഞാറൻ ഹീറാത്ത് പ്രവിശ്യയിൽ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിൽ പ്രദേശവാസികൾ അടക്കം 39 പേർക്ക് പരിക്കേറ്റിരുന്നു.