sushanth-and-riya

മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കാമുകിയും നടിയുമായ റിയ ചക്രവർത്തി, സഹോദരൻ ഷോവിക് ചക്രവർത്തി എന്നിവരടക്കം 33 പേർക്കെതിരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചു.

12,000 പേജുള്ള കുറ്റപത്രത്തിൽ 200 ഓളം പേരുടെ സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്​.

​പ്രതി ചേർക്കപ്പെട്ട 33 പേരിൽ എട്ടു പേർ ഇപ്പോഴും ജുഡിഷ്യൽ കസ്റ്റഡിയിലാണ്​. റിയയേയും സഹോദരനെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി.

സുശാന്തിന്റെ മരണത്തിൽ 2020 ജൂണിലാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ലഹരിമരുന്നുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഇന്ത്യൻ - വിദേശ കറൻസികൾ തുടങ്ങിയവയെല്ലാം പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്തവയെല്ലാം മയക്കുമരുന്ന് ഇടപാടുമായി ബന്ധമുള്ളവയാണെന്ന് പരിശോധനയിൽ വ്യക്തമായതായി കുറ്റപത്രത്തിൽ പറയുന്നു.

സുശാന്തിന് മയക്കുമരുന്ന്​ കൈമാറിയെന്ന്​ സംശയിക്കുന്ന സ്വകാര്യ വാട്സാപ്പ് ചാറ്റുകൾ എൻഫോഴ്​സ്​മെന്റ്​ ഡയറക്ടറേറ്റ്​ നേരത്തെ സമർപ്പിച്ചിരുന്നു.

സിനിമവ്യവസായത്തിന്​ മയക്കുമരുന്ന്​ ലോബിയുമായുള്ള ബന്ധം അന്വേഷിച്ച ഏജൻസി നടി ദീപിക പദുകോൺ, സാറ അലി ഖാൻ, അർജുൻ രാംപാൽ, ശ്രദ്ധ കപൂർ തുടങ്ങി നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. മഹാരാഷ്​ട്രയിൽ നിരവധി ഇടങ്ങളിൽ റെയ്​ഡ്​ നടത്തുകയും ചെയ്​തു.