ബോളിവുഡിന്റെ താരസുന്ദരി ജാൻവി കപൂറിന് ഇന്ന് പിറന്നാൾ

ബോളിവുഡിൽ ഉദിച്ചു ഉയരുന്ന താരകമാണ് ജാൻവി കപൂർ. ആഘോഷിക്കപ്പെട്ട ബാല്യം. ബോളിവുഡിന്റെ താരസുന്ദരി ശ്രീദേവി ആദ്യമായി പെൺകുഞ്ഞിന് ജന്മം നൽകിയത് മുതൽ ഉറ്റുനോക്കി പ്രേക്ഷകലോകം . എപ്പോഴാണ് ജാൻവിയുടെ വെള്ളിത്തിര പ്രവേശമെന്നാണ് അവർക്ക് അറിയേണ്ടത്. എന്നാൽ ജാൻവിയെ കാമറ കണ്ണുകളിലേക്ക് കൊണ്ടുവരാൻശ്രീദേവി താത്പര്യം കാണിച്ചില്ല. ആദ്യ ചിത്രം ധടക്കിൽ ജാൻവി അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശ്രീദേവിയുട അപ്രതീക്ഷിത വിയോഗം.
അമ്മയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ തളരാതെ ആദ്യചിത്രം പൂർത്തിയാക്കി ജാൻവി.പാർത്ഥവി സിംഗ് റത്തോറയായി ധടക്കിലൂടെ ജാൻവി അരങ്ങേറ്റം കുറിച്ചപ്പോൾ സ്വാഭാവിക അഭിനയ തികവുകൊണ്ട് ബോളിവുഡ് ഈ താരത്തെ ഏറ്റെടുത്തു. പിന്നിട് ഇറങ്ങിയ ഖോസ്റ്റ് ഹൗസ് നെറ്റ്ഫ്ളിക്സ് ചിത്രമായിരുന്നു. അതിന് നിറഞ്ഞ സ്വീകാര്യത ലഭിച്ചു. സമീറ എന്ന കഥാപാത്രം ജാൻവിയുടെ കൈയിൽ സുരക്ഷിതമായിരുന്നു. ഇർഫാൻ ഖാൻ അവസാനമായി അഭിനയിച്ച അഗ്രേസി മിഡിയത്തിലും ജാൻവി പ്രധാന വേഷത്തിലെത്തി. എന്നാൽ ജാൻവിയ്ക്ക് കൂടുതൽ അഭിനയ സാദ്ധ്യതയുള്ള കഥാപാത്രമായിരുന്നു ഗുഞ്ചൻ സക്സേനയിലെ കാർഗിൽ ഗേളിന്റെ വേഷം. ജാൻവിയുടെ മികച്ച പ്രകടനമായി ഇതിനെ വിശേഷിപ്പിക്കാം. ആ കഥാപാത്രത്തിലേക്ക് മാറുന്നതിന് ശാരീരിക പരിശീലനം നേടി. ഡയറ്റ് പാലിക്കുകയും ചെയ്തു. ഗുഞ്ചൻ സക്സേനയായി മാറിയ ജാൻവിയെ കണ്ട് ആരാധകർ കൈയടിച്ചു.
റൂഹി എന്ന ഹൊറർ ചിത്രമാണ് ഇനി ജാൻവിയുടേതായി റിലീസിനൊരുങ്ങുന്നത്. ചിത്രത്തിൽ രണ്ടു വേഷത്തിലാണ് ജാൻവി എത്തുന്നത്. തന്റെ വ്യത്യസ്തമായ കഥാപാത്രമായിരിക്കുമെന്ന പ്രതീക്ഷയിലാണ് താരം. കോമഡി ചിത്രം ദോസ്താന 2 ,ഗുഡ്ലക്ക് ജെറി എന്നിവയാണ് ജാൻവിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. ശ്രീദേവിയുടെ സിനിമകളിൽ ജാൻവിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് സദ്മയാണ്. സാധാരണ എല്ലാ സിനിമകളിലും അമ്മയ്ക്ക് കരഞ്ഞ മുഖമാണ് ഉണ്ടാകറുള്ളതെന്നും എന്നാൽ ഇതിൽ ചിരിച്ച മുഖമാണെന്നും ജാൻവി പറയാറുണ്ട്.അതുപോലെ സദ്മയുടെ ക്ലൈമാക്സ് രംഗം കൂടുതൽ ഇഷ്ടപ്പെട്ടിരുന്നെന്ന് പറഞ്ഞിട്ടുണ്ട്.ഫാഷൻ ലോകവും ജാൻവിയുടെ പുറകെയാണ്. ജാൻവി ഉപയോഗിക്കുന്ന വസ്ത്രം മുതൽ വാച്ച് വരെ ട്രെൻഡിങ്ങിൽ മുൻപന്തിയിലുണ്ട്. ആഡംബര ജീവിതമാണ് ജാൻവിയുടേതെന്ന ബോളിവുഡിൽ ഒരുകൂട്ടർ പറയുമ്പോൾ പാവപ്പെട്ടവരെ സഹായിക്കുന്നവീഡിയോകളും പുറത്തുവരാറുണ്ട്. താരത്തിന്റെ മിക്ക വസ്ത്രങ്ങളുടെയും വില സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്.രണ്ടേമുക്കാൽ ലക്ഷം രൂപയുടെ പച്ച വസ്ത്രം അടുത്തിടെ വാങ്ങി. 39 കോടിയുടെ ആഡംബര സമുച്ചയം വാങ്ങിയതും വാർത്തയിൽ ഇടംപിടിച്ചു. മൂന്ന് നിലകളിലായി നാലായിരം ചതുരശ്ര അടി വിസ്തീർണമുള്ള പാർപ്പിടസമുച്ചയമാണ് സ്വന്തമാക്കിയത്. ജാൻവി ഇപ്പോൾ നിർമാതാവും അച്ഛനുമായ ബോണികപൂറിനും സഹോദരി ഖുശി കപൂറിനൊപ്പമാണ് താമസം.