
മുതിർന്ന പൗരൻമാരുടെ അനുപാതത്തിൽ കേരളം തുടർച്ചയായ ഉയർച്ചയ്ക്കാണു സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ അറുപതു കഴിഞ്ഞവരുടെ എണ്ണം 2021ൽ 20 ശതമാനത്തിലേക്കെത്തുമെന്നാണ് കണക്കു കൂട്ടുന്നത്. ഇക്കാര്യത്തിലെ ദേശീയ ശരാശരി 8.3 ശതമാനം മാത്രമാണ്. കേരളത്തിൽ ഇപ്പോൾ 48 ലക്ഷം പേർ അറുപതിനു മുകളിലുള്ളവരാണെന്നാണ് ജനസംഖ്യാ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ 15 ശതമാനം പേർ എൺപതിനു മുകളിലുമാണ്.
കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാദ്ധ്യതകളും ഉയർന്ന വിദ്യാഭ്യാസവും തേടി മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പോകുന്ന യുവാക്കളുടെയും മദ്ധ്യ വയസ്‌കരുടേയും എണ്ണം വർദ്ധിക്കുന്നതാണ് മുതിർന്നവരുടെ ശതമാനം ഉയർന്ന നിലയിൽ ആകുന്നതിനുള്ള പ്രധാന കാരണമെന്നു നമുക്കു പറയാനാവും. ഇത് കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളെ, പ്രത്യേകിച്ച് അടിസ്ഥാനപരമായ കുടുംബ ഘടനയെ മാറ്റിയിട്ടുണ്ട്. മുത്തച്ഛന്റേയും മുത്തശ്ശിയുടേയും ലാളനകൾ ഏറ്റു വാങ്ങി വളരുന്ന പേരക്കുട്ടികൾ അടങ്ങിയ കൂട്ടുകുടുംബങ്ങളെ വർഷങ്ങൾക്കു മുൻപു നാം കണ്ടിരുന്നു. എന്നാൽ ഇന്നോ? വിവിധ നഗരങ്ങൾക്കിടയിലും പലപ്പോഴും വിവിധ ഭൂഖണ്ഡങ്ങൾക്കിടയിലും ഉള്ള വീഡിയോ കോളിലൂടേയും ഓൺലൈൻ ചാറ്റുകളിലൂടെയുമാണ് ഇന്ന് ഈ ബന്ധങ്ങൾ തുടരുന്നത്.
വീട്ടിലുള്ള തങ്ങളുടെ പ്രായമായ മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ യുവ തലമുറ തുടർച്ചയായ ശ്രമങ്ങൾ നടത്തുന്നുണ്ട്. തങ്ങളുടെ മാതാപിതാക്കളെ വിട്ടു പോകുന്നതിൽ ആശങ്കയുള്ള പ്രവാസികളുടേയും അണു കുടുംബങ്ങളുടേയും എണ്ണം വർധിക്കുന്നത് മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾക്കായുള്ള ആവശ്യകത വർധിപ്പിക്കുന്നുണ്ട്. കൊവിഡ് മഹാമാരി തുടരുന്ന പശ്ചാത്തലത്തിൽ മുതിർന്നവർക്കായി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ആവശ്യത്തിനു പ്രസക്തി ഏറുന്നുമുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് പ്രായമേറിക്കൊണ്ടിരിക്കുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിലവിലുള്ള സംവിധാനങ്ങൾ മാറ്റിയെടുക്കേണ്ടതുണ്ട്.
മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായുള്ള ആശയങ്ങൾ അടങ്ങിയ 'സീനിയർ ലിവിങ്' എന്നത് വെറും ഓൾഡ് ഏജ് ഹോം എന്നതിൽ നിന്നും വളരെ ഏറെ വ്യത്യസ്തമാണ്. മുതിർന്ന പൗരൻമാർക്ക് സൗകര്യപ്രദമായി ജീവിക്കുകയും തങ്ങളുടേതായ രീതിയിൽ മുന്നോട്ടു പോകാനാവുകയും ചെയ്യാവുന്ന സമൂഹങ്ങളെയാണ് മുതിർന്ന പൗരൻമാർക്കായുള്ള താമസ സൗകര്യത്തിലൂടെ ഒരുക്കുന്നത്. സ്വതന്ത്രമായ ജീവിതവുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ വ്യക്തികളിൽ പലരിലും ഈ ആശയം ഉയർന്നു വരുന്നത്.
മുതിർന്ന പൗരൻമാർക്ക് സുഖപ്രദമായ സൗകര്യങ്ങളാണ് ഇവിടെ ലഭിക്കുന്നത്. ആരോഗ്യ സേവന സ്ഥാപനങ്ങളുമായി ഇവർക്കു സഹകരണമുണ്ടാകും. മികച്ച ജീവനക്കാരും ഉണ്ടാകും. ഭക്ഷണ, പോഷകാഹാര കാര്യങ്ങളിൽ ആവശ്യങ്ങൾ നിറവേറ്റുന്നതായിരിക്കും ഈ സംവിധാനങ്ങൾ. മുതിർന്നവരുടെ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിയുള്ളതാവും ഇതിന്റെ അടിസ്ഥാന രൂപകൽപന. ആവശ്യമനുസരിച്ച് സ്വതന്ത്രമായ ജീവിതവും പിന്തുയോടെയുള്ള ജീവിതവും ഇവിടെ സാദ്ധ്യമാകും. ഓരോ അപാർട്ട്‌മെന്റ് യൂണിറ്റിലും ഒരു ഡൈനിങ് റൂം, ഒരു ബെഡ് റൂം, ബാത്ത് റൂം. ചെറിയ അടുക്കള എന്നിവയുണ്ടാകും. ഇതോടൊപ്പം വ്യക്തിഗതമായ ഭക്ഷണം പൊതു ഡൈനിങ് ഹാളിൽ നൽകുകയും ചെയ്യും. 24 മണിക്കൂറും സേവനം നൽകുന്ന ആധുനീക റിട്ടയർമെന്റ് ഹോമുകളിൽ നീന്തൽക്കുളങ്ങൾ, ലോൺഡ്രി സേവനങ്ങൾ, ജിം, വെൽനെസ് കേന്ദ്രങ്ങൾ, ലൈബ്രറികൾ തുടങ്ങിയവും ഉണ്ടാകും. കേരളത്തിൽ ഇത്തരം മുതിർന്ന പൗരൻമാരുടെ താമസ സൗകര്യങ്ങളും അപാർട്ട്‌മെന്റുകളും ശരാശരി 45-50 ലക്ഷം രൂപയ്‌ക്കോ പ്രതിമാസം 20,000-50,000 രൂപ വാടകയ്‌ക്കോ ലഭിക്കും. മുതിർന്ന പൗരൻമാർക്കായി പ്രത്യേകം രൂപകൽപന ചെയ്ത അഞ്ചു മുതൽ 20 ഏക്കർ വരെയുള്ള സ്ഥലത്തെ ഗേറ്റഡ് കമ്യൂണിറ്റികളിലാവും ഈ യൂണിറ്റുകൾ.
കൂടുതൽ പേർ ഈ ആശയത്തോട് ആകൃഷ്ടരായി വരുമ്പോൾ പല മുതിർന്ന പൗരൻമാരും നിരവധി കാരണങ്ങളാൽ ഈ സൗകര്യം സ്വയം തെരഞ്ഞെടുക്കുന്നതായാണ് ഞാൻ നിരീക്ഷിച്ചിട്ടുള്ളത്. മുതിർന്ന പൗരൻമാർക്ക് ഒറ്റയ്ക്കു താമസിക്കുന്നത് പലപ്പോഴും വലിയ ബുദ്ധിമുട്ടും വെല്ലുവിളിയുമായിരിക്കും. അടുക്കളയിലെ ഒരിക്കലും അവസാനിക്കാത്ത ജീവിതം, പലചരക്കു വാങ്ങൽ, തുടർച്ചയായ ആശുപത്രി സന്ദർശനം എന്നിങ്ങനെ നിരവധി പ്രശ്നങ്ങളുണ്ട്. മോശമായിക്കൊണ്ടിരിക്കുന്ന ആരോഗ്യത്തോടൊപ്പം ഏകാന്തതയോടു പടവെട്ടുക കൂടിയാകുമ്പോൾ മുതിർന്നവരിൽ പലരുടേയും ജീവിതം സമ്മർദ്ദത്തിലാകും.
62ാം വയസിൽ വിധവയായ കൊച്ചിയിലെ ആലീസിന്റെ കാര്യം നമുക്കൊന്നു പരിശോധിക്കാം. എഴുത്തിൽ മുഴുകുകയും പാചകം നടത്തുകയും കുട്ടികളെ സന്ദർശിക്കുകയുമെല്ലാം ചെയ്ത് ആലീസ് കുറച്ചു കാലം കഴിച്ചു കൂട്ടി. അപ്പോഴാണ് സീനിയർ ലിവിങ് സൗകര്യം പ്രയോജനപ്പെടുത്തി ജീവിക്കുന്ന ഒരു സുഹൃത്ത് ഇക്കാര്യം ആലീസിന്റെ ശ്രദ്ധയിൽ പെടുത്തുന്നതും അങ്ങോട്ട് ക്ഷണിക്കുന്നതും. തന്റെ സുഹൃത്ത് എന്നത്തേയും പോലെ ഊർജ്ജസ്വമായി തുടരുന്നതും സ്ഥിരമായ യോഗാ പരിപാടികളിൽ പങ്കെടുക്കുന്നതും അതേ പ്രായമുള്ള മുതിർന്നവരുടെ സമൂഹത്തിൽ ഇടകലരുന്നതും അവർ കണ്ടു. അവിടെയുള്ളവർക്കാണെങ്കിൽ ആവേശകരമായ അനുഭവങ്ങളും പങ്കു വെക്കാനുണ്ടായിരുന്നു.
തന്റെ ജീവിതത്തിന്റെ രണ്ടാം ഇന്നിങ്സ് പൂർണമായി മുന്നോട്ടു കൊണ്ടു പോകാനാവുന്ന ഇവിടെ ഒരു അപാർട്ട്‌മെന്റ് വാങ്ങാൻ അവർ തീരുമാനിക്കുകയും ചെയ്തു. തന്റെ ശേഷിക്കുന്ന കാലത്തെയല്ല ഏറ്റവും മികച്ച കാലത്തെയാണ് ഭാവിയിൽ കാണുന്നതെന്നാണ് ഇന്നവർ പറയുന്നത്. തുടർച്ചയായി വൈദ്യ സഹായം ആവശ്യമായ എഴുപത്തിയെട്ടുകാരനായ മണികണ്ഠനും എഴുപത്തിരണ്ടുകാരിയായ സരസ്വതി അമ്മയും ഇവിടെ ലഭിക്കുന്ന സൗകര്യങ്ങൾ കണ്ടു കൊണ്ടാണ് ഇങ്ങോട്ടു നീങ്ങാൻ തീരുമാനിച്ചത്. ആ തീരുമാനം അവരുടെ വിരസമായ ജീവിതത്തെ മാറ്റി മറിക്കുകയായിരുന്നു. ഇപ്പോൾ അവർ ആവേശവും കരുതലിന്റെ നേട്ടങ്ങളും അനുഭവിക്കുന്നു.
ആരോഗ്യ സേവനങ്ങൾ, സാമൂഹികസാമ്പത്തിക സംരക്ഷണം, മെച്ചപ്പെട്ട നിലവാരത്തിലെ ജീവിതത്തിനായുള്ള സാഹചര്യങ്ങൾ എന്നിവയെല്ലാം സംയോജിപ്പിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കുന്നതായിരിക്കണം മുതിർന്നവർക്കായുള്ള കരുതൽ. സമാന തലത്തിലുള്ളവർക്കൊപ്പം ബുദ്ധിമുട്ടുകളില്ലാത്ത ഗുണമേൻമയുള്ള സമയം ലഭ്യമാക്കുന്നതും സാമൂഹികമായി മികച്ച രീതിയിൽ ജീവിതം ആസ്വദിക്കാൻ സാധിക്കുന്നതും അതേ സമയം സുരക്ഷിതവും ആരോഗ്യ ബോധത്തോടു കൂടിയതും ആയിരിക്കണം മുതിർന്നവർക്കായുള്ള സമൂഹത്തിലെ ജീവിതം. മുതിർന്നവർക്കായുള്ള കരുതലിന്റെ കാര്യത്തിലെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നാം മനസിലാക്കുകയും അതനുസരിച്ചു നാം പര്യാപ്‌തരാകുകയും വേണം. അതനുസരിച്ച് മുതിർന്നവർക്ക് മാന്യമായി ആഹ്ലാദത്തോടെ ജീവിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും വേണം.
(അഞ്ജലി നായർ
ചീഫ് ഓപറേറ്റിങ് ഓഫിസർ, സീസൺ ടു മാനേജ്‌മെന്റ് സർവീസസ്)