
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 34 വർഷം നീണ്ട ഇടതു ഭരണത്തെ തൂത്തെറിഞ്ഞ് തൃണമൂലിനെ അധികാരത്തിൽ എത്തിച്ച പ്രക്ഷോഭത്തിന് സുവേന്ദു അധികാരിക്കൊപ്പം തിരി കൊളുത്തിയ നന്ദിഗ്രാമിൽ വീണ്ടും തീ പാറിക്കാൻ മുഖ്യമന്ത്രി മമത ബാനർജി വരുന്നു. തന്റെ കാലുവാരി ബി.ജെ.പിയിൽ ചേക്കേറിയ സുവേന്ദു അധികാരിക്കെതിരെ മത്സരിക്കാനാണ് മമതയുടെ ഈ വരവ്. ബംഗാളിലെ ഏറ്റവും തീപാറുന്ന തിരഞ്ഞെടുപ്പു പോരാട്ടം ആയിരിക്കും ഇത്.
ഒരുകാലത്ത് മമതയുടെ വലംകൈയായിരുന്ന സുവേന്ദുവിന്റെ കോട്ടയാണ് നന്ദിഗ്രാം. തൃണമൂൽ വിട്ട് ബി.ജെ.പി പാളയത്തിൽ എത്തിയതിന് പിന്നാലെ, നന്ദിഗ്രാമിൽ മത്സരിക്കാൻ മമതയെ സുവേന്ദു വെല്ലുവിളിച്ചിരുന്നു. അത് സ്വീകരിച്ചാണ് മമത കൊൽക്കത്തയിലെ സ്വന്തം മണ്ഡലമായ ഭവാനിപൂർ വിട്ട് നന്ദിഗ്രാമിൽ മത്സരിക്കുന്നത്. തന്നെ ചതിച്ച് ബി.ജെ.പിയിലേക്ക് പോയവർക്കെല്ലാമുള്ള മമതയുടെ ശക്തമായ സന്ദേശമാണിത്. ഈ മാസം 9ന് നന്ദിഗ്രാമിലേക്ക് പോകുമെന്നും 10ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും മമത പ്രഖ്യാപിച്ചു.
മമതയെ നന്ദിഗ്രാമിൽ 50,000 വോട്ടുകൾക്ക് തോൽപ്പിക്കുമെന്ന് സുവേന്ദു അധികാരി കഴിഞ്ഞ ദിവസം ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിൽ സുവേന്ദു ബി.ജെ.പിയിലേക്ക് കാലുമാറിയതിന് പിന്നാലെ താൻ നന്ദിഗ്രാമിൽ മത്സരിക്കുമെന്നും അത് തന്റെ ഭാഗ്യ മണ്ഡലമാണെന്നും മമതയും പ്രഖ്യാപിച്ചിരുന്നു.
സ്ഥാനാർത്ഥി ലിസ്റ്റിൽ 50 സ്‌ത്രീകൾ
ബംഗാളിലെ 291 മണ്ഡലങ്ങളിലെ തൃണമൂൽ സ്ഥാനാർത്ഥി പട്ടികയും മമത പുറത്തിറക്കി. മൂന്നു സീറ്റ് സഖ്യകക്ഷികൾക്ക് നൽകി. 80 വയസ് പിന്നിട്ടവരെ ഒഴിവാക്കി. 24 എം.എൽ.എമാർക്ക് സീറ്റില്ല. മമതയുടെ സീറ്റായ ഭവാനിപൂരിൽ തൃണമൂൽ നേതാവും മന്ത്രിയുമായ ശോഭൻദേബ് ചതോപാദ്ധ്യായ മത്സരിക്കും.
ലിസ്റ്റിൽ 50 സ്ത്രീകളും 45 മുസ്ലിം സ്ഥാനാർത്ഥികളു 79 പട്ടികജാതിക്കാരും 17 പട്ടികവർഗക്കാരും ഉണ്ട്.
നടിമാരായ സായന്തിക ബാനർജി, കൗശാനി മുഖർജി, ലവ്‌ലി മെയ്‌ത്ര, സായോനി ഘോഷ്, നടൻ ചിരൻജിത്ത് ചക്രവർത്തി, സംവിധായകൻ രാജ് ചക്രവർത്തി, പ്രൊഫ. ഓംപ്രകാശ് മിശ്ര, ക്രിക്കറ്റ് താരം മനോജ് തിവാരി തുടങ്ങിയവരും മത്സരിക്കും. 294 അംഗ നിയമസഭയിലേക്ക് എട്ട് ഘട്ടമായാണ് വോട്ടെടുപ്പ്.
നന്ദിഗ്രാം
2007ൽ ബംഗാളിലെ ഇടതു സർക്കാർ നന്ദിഗ്രാമിൽ ഇൻഡോനേഷ്യൻ കമ്പനിക്ക് കെമിക്കൽ ഹബ്ബ് സ്ഥാപിക്കാൻ കൃഷിഭൂമി ഏറ്റെടുത്തു നൽകാൻ നീക്കം. അതിനെതിരെ മമതയുടെ തൃണമൂൽ കോൺഗ്രസും ബി. ജെ. പിയും കോൺഗ്രസും പ്രക്ഷോഭം തുടങ്ങി. തൃണമൂൽ പ്രക്ഷോഭത്തിന്റെ മുഖ്യ ശില്പി സുവേന്ദു അധികാരി. കർഷകർ പൊലീസുമായി ഏറ്റുമുട്ടി. ഗുണ്ടകൾ വിളയാടി. 14 ഗ്രാമീണരെ കൊലപ്പെടുത്തിയെന്ന് ഔദ്യോഗിക കണക്ക്. സിംഗൂരിലെ ടാറ്റ നാനോ കാർ ഫാക്ടറിക്കെതിരെയും പ്രക്ഷോഭം. ആ പ്രക്ഷോഭം ആളിപ്പടർന്നാണ് 2011ലെ തിരഞ്ഞെടുപ്പിൽ ഇടതു സർക്കാരിന് അന്ത്യം കുറിച്ചത്. മമത അധികാരത്തിൽ വരികയും ചെയ്‌തു.