
മുംബയ്: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. താനെ സ്വദേശിയായ മൻസുക് ഹിരണിന്റെ മൃതദേഹമാണ് താനെയ്ക്കടുത്ത് കൽവ കടലിടുക്കിൽ കണ്ടെടുത്തത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
തന്റെ കാർ മോഷ്ടിച്ചവർ, അതിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച് അംബാനിയുടെ വസതിക്ക് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹം നേരത്തെ പൊലീസിനു മൊഴി നൽകിയിരുന്നത്.
ഒരാഴ്ച മുമ്പാണ് മുകേഷ് അംബാനിയുടെ മുംബയിലെ ആഡംബര വസതിക്ക് സമീപം സ്‌ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയത്. 20 ജലാറ്റിൽ സ്റ്റിക്കുകൾ വാഹനത്തിൽനിന്ന് കണ്ടെടുത്തിരുന്നു. അംബാനിയേയും ഭാര്യ നിതയെയും ഭീഷണിപ്പെടുത്തിയുള്ള കുറിപ്പും കണ്ടെടുത്തിരുന്നു.
അന്വേഷണത്തിൽ കാറിന്റെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ ഒരുവർഷമായി ഈ കാർ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഉടമയുടെ മൊഴി. വില്ക്കാനായി ഓടിച്ചു നോക്കിയപ്പോൾ മുലുന്ദ് - എയറോലി റോഡിൽ ബ്രേക്ക് ഡൗണായെന്നും അവിടെ നിന്ന് മോഷണം പോയെന്നുമാണ് ഉടമ പറഞ്ഞത്.