
തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിയെ അനിശ്ചിതത്വത്തിലാക്കി ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. വിദേശ പണമിടപാട് നിയമലംഘനത്തിന്റെ പേരിലാണ് ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുളള ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. 500 കോടി രൂപയുടെ വിദേശ പണമിടപാട് നിയമലംഘനമെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തിയതിനെത്തുടർന്ന് മുൻകരുതൽ എന്ന നിലയിലാണ് ചർച്ചിന്റെ ആസ്തിവകകൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നത്.
നികുതികുടിശിക അടച്ചില്ലങ്കിൽ ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പിന്റെ കൈയിലാകാനാണ് സാദ്ധ്യത. അങ്ങനെ സംഭവിച്ചാൽ വിമാനത്താവള പദ്ധതിയും അവതാളത്തിലാകും. ശബരിമല വിമാനത്താവള പദ്ധതി പ്രദേശം കൂടി ഉൾപ്പെട്ട 2000 ഏക്കർ ഭൂമിയാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ഹാരിസൺ മലയാളവുമായി ഉടമസ്ഥാവകാശ തർക്കമുള്ള ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി പണം കൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനിച്ചത് നേരത്തെ വിവാദമായിരുന്നു. വിമാനത്താവള പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടയിലാണ് ആദായനികുതി വകുപ്പ് എസ്റ്റേറ്റ് കണ്ടുകെട്ടിയിരിക്കുന്നത്.
അനധികൃത വിദേശ സഹായം കൈപ്പറ്റിയ സംഭവത്തിൽ മൊഴിയെടുപ്പിന് ഹാജരാകാൻ ആദായ നികുതി വകുപ്പ് ബിലീവേഴ്സ് ചർച്ച് ബിഷപ്പ് കെ.പി. യോഹന്നാന് നോട്ടീസ് അയച്ചിരുന്നു. യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നും ഡിസംബർ ആദ്യവാരത്തോടെ മൊഴിയെടുപ്പിന് എത്താമെന്നും കാണിച്ച് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് ഇൻകം ടാക്സിന് യോഹന്നാൻ നോട്ടീസ് അയച്ചിരുന്നു. ഇയാൾ ഇപ്പോൾ അമേരിക്കയിലെ ടെക്സസിലെ ഗോസ്പൽ ഫോർ ഏഷ്യ ആസ്ഥാനത്താണളളത്. ബിലീവേഴ്സ് ചർച്ചിന്റെ പല സ്ഥാപനങ്ങളിൽ നിന്നും കണക്കിൽപ്പെടാത്ത പണവും സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള രേഖകളും റെയ്ഡിൽ കണ്ടെത്തിയിരുന്നു. യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ചാരിറ്റി സ്ഥാപനങ്ങളുടെ മറവിൽ വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു.