
ബാഗ്ദാദ്:ക്രൈസ്തവ സഭയുടെ ചരിത്രത്തിലാദ്യമായി ഇറാക്ക് സന്ദർശനത്തിന് എത്തിയ ഫ്രാൻസിസ് മാർപാപ്പയ്‌ക്ക് ഊഷ്മള സ്വീകരണം.
ബാഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറാക്ക് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി
മാർപാപ്പയെ സ്വീകരിച്ചു. വിമാനത്താവളത്തിൽ ചുവന്ന പരവതാനി വിരിച്ചിരുന്നു.
പിന്നീട് ഇറാക്ക് പ്രസിഡന്റിന്റെ ഔദ്യോഗിക ബംഗ്ലാവിൽ മാർപാപ്പയ്ക്ക് സ്വീകരണമൊരുക്കി. പ്രസിഡന്റ് ബർഹം സാലിഹുമായും പ്രധാനമന്ത്രിയുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തി. ഇറാക്ക് ഏറെ വിഷമതകൾ അനുഭവിച്ചെന്നും അവിടം സന്ദർശിക്കേണ്ടത് തന്റെ ചുമതലയാണെന്നും മാർപാപ്പ പറഞ്ഞു.
നാല് ദിവസത്തെ പരിപാടികളാണ് മാർപാപ്പയ്‌ക്ക്.
2003ൽ അമേരിക്ക ഇറാക്ക് ആക്രമിച്ചതു മുതൽ തുടർന്ന യുദ്ധങ്ങളിലും സംഘർഷങ്ങളിലും തകർന്നു പോയ ക്രൈസ്തവ ന്യൂനപക്ഷത്തിന് സമാശ്വാസം പകരാനാണ് പ്രധാനമായും മാർപാപ്പയുടെ സന്ദർശനം. യുദ്ധം കാരണം ക്രൈസ്തവരിൽ നല്ലൊരു പങ്കും ഇറാക്കിൽ നിന്ന് പലായനം ചെയ്‌തിരുന്നു.
മാർപാപ്പ ഇന്ന് നജഫിലെത്തി ഷിയ ആത്മീയ നേതാവായ ആയത്തുല്ല അൽ സിസ്താനിയെ സന്ദർശിക്കും. നസ്രിയയിൽ സർവമത സമ്മേളനത്തിൽ പങ്കെടുക്കും. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രമായിരുന്ന മൊസൂളും സന്ദർശിക്കും. ഇന്ന് ബാഗ്ദാദിലും ഞായറാഴ്ച ഇർബിലിലും അദ്ദേഹം കുർബാന അർപ്പിക്കും. തിങ്കളാഴ്ച വത്തിക്കാനിലേക്ക് മടങ്ങും.
നടുവിന് വേദന മൂലം മാർപാപ്പ അല്പം മുടന്തിയാണ് നടക്കുന്നത്. അസുഖം മൂലം പല പരിപാടികളും ഒഴിവാക്കിയിരുന്നു. മാർപാപ്പയോടൊപ്പം സഹായികളും സുരക്ഷാസേനയും 75 മാദ്ധ്യമപ്രവർത്തകരും ഉണ്ട്.
മാർപാപ്പയുടെ സുരയ്‌ക്ക് പതിനായിരത്തോളം സേനാംഗങ്ങളെ ഇറാക്ക് വിന്യസിച്ചിട്ടുണ്ട്.