
സ്ഥാനാർത്ഥി പട്ടികകളിൽ പാർട്ടി നേതാക്കന്മാരുടെ ബന്ധുക്കൾ ഇടം നേടുന്നതിനെ പരിഹാസത്തിന്റെ ഭാഷയിൽ വിമർശിച്ച് അഭിഭാഷക രശ്മിത രാമചന്ദ്രൻ. അച്ഛനു ശേഷം മക്കൾ, ഭർത്താവിനു ശേഷം ഭാര്യ, അമ്മാവനു ശേഷം അനന്തരവർ എന്ന നില വരികയാണെങ്കിൽ ജനങ്ങൾ അതിനെ മോശമായ രീതിയിലാകും കാണുകയെന്നും രശ്മിത പറയുന്നു. എല്ലാ പാർട്ടിക്കാരോടുമായാണ് താൻ ഇക്കാര്യം പറയുന്നതെന്ന് അഭിഭാഷക ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ബിന്ദുവിനെ ഇരിങ്ങാലക്കുടയിലും മന്ത്രി എകെ ബാലന്റെ ഭാര്യ പികെ ജമീലയെ തരൂരിലും മുന്‍ എംഎല്‍എ എം ദാസന്റെ ഭാര്യ സതീദേവിയെ കൊയിലാണ്ടിയിലും മത്സരിപ്പിക്കുന്ന കാര്യം എൽഡിഎഫ് ആലോചിക്കുന്ന സാഹചര്യത്തിലാണ് രശ്മിതയുടെ ഈ കുറിപ്പ് പുറത്തുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും ഡിവൈഎഫ്‌ഐ നേതാവുമായ മുഹമ്മദ് റിയാസിനെ ബേപ്പൂരിലെ സ്ഥാനാർത്ഥിയായും പരിഗണിക്കുന്നുണ്ട്.
കുറിപ്പ് ചുവടെ:
'രാഷ്ട്രീയപ്പാർട്ടികളോട് മൊത്തമായാണ്...
ജനാധിപത്യ സംവിധാനത്തിലാണ് നിങ്ങൾ പ്രവർത്തിയ്ക്കുന്നത്, വംശാധിപത്യത്തിലല്ല. അച്ഛനു ശേഷം മക്കൾ, ഭർത്താവിനു ശേഷം ഭാര്യ, അമ്മാവനു ശേഷം അനന്തരവർ എന്നങ്ങു തീരുമാനിച്ചാൽ അതിനെ ജനം ഊളത്തരമെന്നു മാത്രമേ വിളിയ്ക്കൂ - അതിനി സ്ഥാനാർത്ഥിബന്ധു ചാണ്ടി സാറിൻ്റെയായാലും ശരി ബാലൻ സഖാവിൻ്റെയായാലും ശരി!'