
ഇസ്ലാമാബാദ് : തത്ക്കാലത്തേയ്ക്ക് കൊവിഡ് വാക്സിൻ വാങ്ങേണ്ടെന്നും പകരം ആർജ്ജിത പ്രതിരോധശേഷി കൈവരിക്കണമെന്നും പാകിസ്ഥാൻ. ചൈനയെപ്പോലുള്ള സുഹൃദ് രാഷ്ട്രങ്ങൾ സൗജന്യമായി നല്‍കുന്ന വാക്‌സിനിലാണ് പാകിസ്ഥാന്റെ പ്രതീക്ഷ. ചൈനയുടെ സിനോഫാം, കാൻസിനോ ബയോ, ഓക്‌സ്‌ഫഡ് - ആസ്ട്രാസെനക്ക വാക്സിൻ, റഷ്യയുടെ സ്പുട്‌നിക്, എന്നിവയ്ക്കായി പാകിസ്ഥാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചൈനയുടെ കാൻസിനോ വാക്‌സിന്റെ ഒറ്റ ഡോസിന് മാത്രം 13 ഡോളറോളം വരും. അതിനാലാണ് മറ്റു രാജ്യങ്ങൾ സംഭാവനയായി നൽകുന്ന വാക്‌സിനായി കാത്തിരിക്കുന്നതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് എക്‌സിക്യുട്ടീവ് ഡയറക്ടർ മേജർ ജനറൽ ആമിർ അമർ ഇക്രം പറഞ്ഞു.
ചൈനീസ് കമ്പനിയായ സിനോഫാം 10 ലക്ഷം ഡോസ് വാക്‌സിൻ പാകിസ്ഥാന് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. 5 ലക്ഷം ഡോസുകൾ കൈമാറിക്കഴിഞ്ഞു. അതിൽ 2.75 ലക്ഷം ആരോഗ്യ വിദഗ്ദ്ധർക്ക് നൽകി. ഈ വർഷം ഏഴ് കോടി പേർക്ക് കുത്തിവയ്പ്പ് നൽകാനാണ് പാകിസ്ഥാന്റെ പദ്ധതി. ഇന്ത്യ നിർമ്മിക്കുന്ന കൊവിഷീൽഡിന്റെ 16 ദശലക്ഷം സൗജന്യ ഡോസുകളും ലോകാരോഗ്യ സംഘടന വഴി പാകിസ്ഥാന് ലഭ്യമാക്കുന്നുണ്ട്.