
തിരുവനന്തപുരം: തിരഞ്ഞെടുപ്പടുത്തിരിക്കെ സോളാർക്കേസ് പ്രതി സരിതയെയും സ്വർണക്കടത്തുകേസ് പ്രതി സ്വപ്നയെയും പ്രചരണ ആയുധമാക്കുന്ന മുന്നണികളെ പരിഹസിച്ച് നടൻ വിനായകൻ. സ്വപ്നയുടെയും സരിതയുടെയും ഫോട്ടോകൾ ഒരേ ഫ്രെയിമിൽ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് വിനായകൻ രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റിന് ഇതിനോടകം വൻസ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
പോസ്റ്റിനുതാഴെ മുന്നണികളെകളിയാക്കിയതിന് വിനായകനെ അഭിനന്ദിച്ചും വിമർശിച്ചും നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. വി.എസ്. അച്യുതാനന്ദൻ പക്ഷക്കാരനായ വിനായകൻ പിണറായി വിജയനെ വിമർശിച്ച് രംഗത്തെത്തിയെന്നും നൽകിയ ചലച്ചിത്ര അവാർഡ് തിരിച്ചു വാങ്ങിക്കുമോയെന്നുമൊക്കെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

കിറ്റുകിട്ടിയില്ലേ എന്ന ചോദ്യവും ഇടത് നേതാക്കൾ സ്വപ്നയുമൊത്തുളള ചിത്രങ്ങളും നിരവധിപ്പേർ കമന്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ട്രോളുകളും കമന്റ് ബോക്സിൽ സുലഭമാണ്.
