rajmohan-unnithan

തിരുവനന്തപുരം: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ യുഡിഎഫിന് സാധിച്ചില്ലെങ്കിൽ കോൺഗ്രസ് ചരിത്രമാകുമെന്ന് കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. ഗ്രൂപ്പുകളാണ് പാർട്ടിയുടെ ശാപമെന്നും ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ അധികാരത്തിലെത്താൻ സാധിക്കുകയില്ലെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേ അദ്ദേഹം ആശങ്കപ്പെട്ടു.

'കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗ്രൂപ്പുകളെയാണ് സ്‌നേഹിക്കുന്നത്. അതാണ് കോണ്‍ഗ്രസിന്റെ അപജയം. അതിന് ഈ തെരഞ്ഞെടുപ്പില്‍ മാറ്റം വന്നേ മതിയാവൂ. ഇല്ലെങ്കില്‍, ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാന്‍ പറ്റില്ല. അതുകൊണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു അട്ടിമറിതന്നെ സംഭവിക്കണം.'-കോൺഗ്രസ് എംപി പറയുന്നു.

'ഓരോ സീറ്റും ഓരോ സീറ്റിലെ ഓരോ ആൾക്ക്' എന്ന രീതി മാറേണ്ടതുണ്ടെന്നും അങ്ങനെയൊരു മാറ്റം വരാൻ പോകുകയാണ് എന്ന് വിശ്വസിക്കുന്ന ആളാണ് താൻ എന്നും അദ്ദേഹം പറയുന്നു. ഇത്തവണ കോൺഗ്രസ് അധികാരത്തിൽ വന്നേ മതിയാകൂ. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടി കേരളത്തിൽ ഉണ്ടായിരുന്നു എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടി വരും. രാജ്‌മോഹൻ ഉണ്ണിത്താൻ പറയുന്നു.