
ലഖ്‌നൗ: അയോദ്ധ്യ സന്ദർശിക്കുന്നവർക്കായി ഗസ്റ്റ് ഹൗസ് നിർമ്മിക്കാൻ വിദേശ രാജ്യങ്ങൾക്ക് അനുമതിനൽകി ഉത്തർ പ്രദേശ് സർക്കാർ. ഹിന്ദു ജനസംഖ്യ കൂടുതലുള്ള വിദേശ രാജ്യങ്ങൾക്കാണ് അയോദ്ധ്യയിൽ ഗസ്റ്റ് ഹൗസുകൾ തുടങ്ങാൻ യോഗി ആദിത്യനാഥ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. രാമക്ഷേത്ര നഗരത്തിലേക്ക് അന്താരാഷ്ട്ര തീർത്ഥാടന ടൂറിസ്റ്റുകളെ ആകർഷിക്കാനും അയോദ്ധ്യക്ക് ആഗോള ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കാനും അവസരമൊരുക്കക ലക്ഷ്യം വെച്ചാണ് സർക്കാർ നീക്കം.
ഒരു ഡസനോളം വിദേശരാജ്യങ്ങൾ അയോദ്ധ്യയിൽ തങ്ങളുടെ ഗസ്റ്റ് ഹൗസുകൾ നിർമിക്കാൻ താത്പര്യം അറിയിച്ച് സർക്കാരിനെ സമീപിച്ചിരുന്നു. ശ്രീലങ്ക, കാനഡ, നേപ്പാൾ, സുരിനാം, ഫിജി, കെനിയ, ഇൻഡോനേഷ്യ , മലേഷ്യ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, മൗറീഷ്യസ്, തായ്ലൻഡ്, തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ ഗസ്റ്റ് ഹൗസുകൾ നിർമ്മിക്കാൻ താല്പര്യം പ്രകടിപ്പിച്ച് ഉത്തർ പ്രദേശ് സർക്കാരിനെ സമീപിച്ചിരിക്കുന്നത്.
പന്ത്രണ്ട് ഏക്കർ സ്ഥലം ഇതിനോടകം തന്നെ വിദേശ രാജ്യങ്ങളുടെ ഗസ്റ്റ് ഹൗസുകൾക്കായി നീക്കിവെച്ചിട്ടുണ്ടെന്ന് അയോദ്ധ്യ മുനിസിപ്പൽ കമ്മീഷണർ വിശാൽ സിംഗ് പറഞ്ഞു. ഏതു രാജ്യത്തിന് വേണമെങ്കിലും അപേക്ഷിക്കാം. ഞങ്ങൾ അവർക്ക് സ്ഥലം ലഭ്യമാക്കി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശരാജ്യങ്ങൾക്ക് ഗസ്റ്റ് ഹൗസുകൾ നിർമിക്കാൻ അനുമതി നൽകുക എന്ന ആശയം ഇതിനുമുൻപ് ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന കുശിനഗരത്തിൽ നടപ്പാക്കിയിട്ടുണ്ട്. ബുദ്ധമതസ്ഥരുടെ നാല് പ്രധാന പുണ്യസ്ഥലങ്ങളിൽ ഒന്നായ കുശിനഗരത്തിൽ കിഴക്കൻ ഏഷ്യയിലെ മിക്ക രാജ്യങ്ങൾക്കും ഗസ്റ്റ് ഹൗസുകൾ ഉണ്ട്.