speaker-

തിരുവനന്തപുരം : ഡോളർ കടത്തുകേസിൽ സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിന് പിന്നാലെ തുടർനടപടികളുമായി കസ്റ്റംസ്. കേസിൽ ഈ മാസം 12ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സ്പീക്കർ പി ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ് അയച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്പീക്കർ പി.ശ്രീരാമകൃഷ്‌ണന്റെയും പ്രേരണയെ തുടർന്നാണ് യു.എ.ഇ കോൺസുലേറ്റിന്റെ സഹായത്തോടെ വിദേശത്തേക്ക് ഡോളർ കടത്തിയതെന്ന് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് മൊഴി നൽകിയിട്ടുണ്ടെന്ന് കസ്റ്റംസ് ഇന്നലെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. മൊഴിപ്പകർപ്പ് അന്തിമ വാദത്തിനിടെയോ കോടതി ആവശ്യപ്പെടുന്ന ഘട്ടത്തിലോ മുദ്രവച്ച കവറിൽ സമർപ്പിക്കാം. കേസിന്റെ തുടർ നടപടികൾക്കിടയിലോ ഭാവിയിലുണ്ടാകാവുന്ന നടപടികളിലോ മൊഴികൾക്ക് പ്രാധാന്യമുണ്ടായേക്കാമെന്നും കസ്റ്റംസ് പറഞ്ഞു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലുള്ള സത്യവാങ്മൂലമാണ് കസ്റ്റംസ് കമ്മീഷമർ കോടതിയിൽ സമർപ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറോട് നേരിട്ട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ ഈ കേസിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡോളർ കടത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് 164 പ്രകാരം സ്വപ്ന നൽകിയ മൊഴിയിൽ ഉണ്ടെന്നാണ് കസ്റ്റംസിന്റെ സത്യവാങ്മൂലത്തിലുള്ളത്. മുൻ കോൺസൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാർക്കുകൂടി ഈ ഇടപാടുകളിൽ പങ്കുണ്ട്. പല ഇടപാടുകളിലും കമ്മീഷൻ നൽകിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴി പ്രകാരം കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.

കോൺസുൽ ജനറലുമായുള്ള ഇടപെടലുകളിൽ തർജ്ജമ ചെയ്തിരുന്നത് താനാണെ

ന്നും സ്വപ്ന പറയുന്നു. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയുന്നതെന്നും സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.