
കൊച്ചി :മുത്തൂറ്റ് ഫിനാൻസ് എന്ന കമ്പനിയെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണപ്പണയ സ്ഥാപനമാക്കി വളർത്തിയ മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് (72) ഇന്നലെ വൈകിട്ട് ഏഴിന് ഡൽഹിയിൽ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്.
ഓർത്തഡോക്‌സ് സഭാ മുൻ ട്രസ്റ്റിയും ഫിക്കി കേരള ചെയർമാനുമായിരുന്നു.
2020 ഒക‌്ടോബറിൽ ഫോബ്‌സ് മാസിക പുറത്തുവിട്ട കണക്കുപ്രകാരം ഏറ്റവും സമ്പന്നരായ മലയാളികളിൽ ഒന്നാംസ്ഥാനം അദ്ദേഹത്തിനായിരുന്നു. 480 കോടി ഡോളർ (ഏകദേശം 35,000 കോടി രൂപ) ആയിരുന്നു അദ്ദേഹത്തിന്റെ ആസ്‌തി. അദ്ദേഹത്തിന്റെ മൂന്നു സഹോദരന്മാരുടെ ആസ്‌തിയും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്‌തിട്ടുള്ള ഓഹരികളുടെ മൂല്യവും കണക്കാക്കിയുള്ളതാണ് ഈ സമ്പത്ത്.
സാറാ ജോർജാണ് (ഡയറക്‌ടർ, സെന്റ് ജോർജ് ഹൈസ്‌കൂൾ, ന്യൂഡൽഹി) ഭാര്യ. മക്കൾ : ജോർജ് എം. ജോർജ് (മുത്തൂറ്റ് ഹോസ്‌പിറ്റാലിറ്റി വിഭാഗം മാനേജിംഗ് ഡയറക്‌ടർ, മുത്തൂറ്റ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ), അലക്‌സാണ്ടർ എം. ജോർജ് (മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർ), പരേതനായ പോൾ എം. ജോർജ്. മരുമക്കൾ : തെരേസ, മെഹിക. സഹോദരങ്ങൾ : ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് (മാനേജിംഗ് ഡയറക്‌ടർ, മുത്തൂറ്റ് ഫിനാൻസ്), ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്.
1949 നവംബർ രണ്ടിന് പത്തനംതിട്ട കോഴഞ്ചേരിയിൽ എം. ജോർജ്-അമ്മിണി ജോർജ് ദമ്പതികളുടെ മകനായാണ് എം.ജി. ജോർജ് മുത്തൂറ്റിന്റെ ജനനം. പിതാവ് എം. ജോർജാണ് മുത്തൂറ്റ് ഫിനാൻസിന്റെ സ്ഥാപകൻ.
മണിപ്പാൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം നേടിയ എം.ജി. ജോർജ് മുത്തൂറ്റ്, 1979ലാണ് മുത്തൂറ്റ് ഫിനാൻസിൽ മാനേജിംഗ് ഡയറക്‌ടറായി ചേരുന്നത്. 1993ൽ ചെയർമാനായി. അദ്ദേഹത്തിന്റെ നായകത്വത്തിലാണ് രാജ്യത്തെ ഒന്നാം കിട കമ്പനിയായി മുത്തൂറ്റ് വളർന്നത്.