modi

ന്യൂഡൽഹി: ഊർജ പരിപാലനം, പരിസ്ഥിതി എന്നിവയോടുളള പ്രതിബദ്ധതയ്ക്ക് കേംബ്രിഡ്ജ് എനർജി റിസർച്ച് അസോസിയേറ്റ്സ് നൽകുന്ന ഗ്‌ളോബൽ എനർജി ആന്റ് എൻവയോൺമെന്റ് ലീഡർഷിപ്പ് പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ഊർജമേഖലയിൽ ആണ്ടുതോറും നൽകുന്ന പ്രധാന പുരസ്‌കാരങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. വെർച്വലായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പുരസ്‌കാര വിതരണച്ചടങ്ങുകൾ നടന്നത്.

പുരസ്‌കാരം പ്രധാനമന്ത്രി എല്ലാ ഇന്ത്യക്കാർക്കും സമർപ്പിച്ചു. പരിസ്ഥിതിയെ പരിപാലിക്കുന്നതിന് വഴികാണിച്ച നമ്മുടെ ഭൂമിയുടെ മഹത്തായ പാരമ്പര്യത്തിന് ഞാൻ ഈ അവാർഡ് സമർപ്പിക്കുന്നതായി അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. 38 മില്ല്യൺ ടൺ കാർബൺഡൈ ഓക്‌സൈഡ് എൽ.ഇ.ഡി ബൾബുകളുടെ ഉപയോഗത്തിലൂടെ കുറയ്ക്കാനായതായും 2024 ഓടെ 5000 കംപ്രസ്ട് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിച്ച് മാലിന്യത്തെ സമ്പത്താക്കിമാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ലോകം കായികക്ഷമതയിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആരോഗ്യകരവും ജൈവവുമായ ഭക്ഷണത്തിന് ആവശ്യക്കാർ വർദ്ധിച്ചുവരികയാണ്. നമ്മുടെ സുഗന്ധവ്യഞ്ജനങ്ങൾ, ആയുർവേദ ഉത്പ്പന്നങ്ങൾ എന്നിവയിലൂടെ ഇന്ത്യ ഈ ആഗോള മാറ്റത്തിന് ഉൾപ്രേരകമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.