
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് തന്റെ നീല കാറിലെത്തിയ നടൻ ദുൽഖർ സൽമാൻ അബദ്ധത്തിൽ ട്രാഫിക് നിയമം തെറ്റിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. എറണാംകുളത്തേക്ക് പോകുന്ന കൊമ്മാടി ബൈപ്പാസിലെത്തിയപ്പോഴായിരുന്നുനടന്റെവാഹനം സിഗ്നല്‍ തെറ്റിച്ച് മറുവശത്തുകൂടെ കടന്ന് വന്നത്. ഇത് കണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥനായ ഹോം ഗാർഡ് ബിജി ശരിയായ ദിശ ദുൽഖറിന് കാട്ടികൊടുക്കുകയും ചെയ്തു.
എന്നാൽ പിന്നീട് മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമായി വന്ന വാർത്തകൾ തെറ്റിധാരണകൾ ജനിപ്പിക്കുന്നതായിരുന്നു. ഈ വേളയിലാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ബിജി തന്നെ സംഭവത്തിന് പിന്നിലെ വസ്തുത വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ദുൽഖറിന് ഒരു തെറ്റ് പറ്റിയതാണെന്നും അത് മനസിലായപ്പോൾ താൻ കാണിച്ചുകൊടുത്ത ശരിയായ മാർഗത്തിലൂടെ അദ്ദേഹം ഉടൻ തന്നെ പോകുകയും ചെയ്തു എന്നാണ് ബിജി ചൂണ്ടിക്കാട്ടുന്നത്.
ദുൽഖർ നൂറു ശതമാനവും ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ടാണ് തന്റെ വാഹനം ഓടിച്ചെതെന്നും നടൻ എല്ലാവർക്കും ഒരു മാതൃകയാണെന്നും ബിജി ഒരു മലയാള വാർത്താ ചാനലിനോട് പറഞ്ഞു. ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിച്ചുകൊണ്ടുള്ള ദുൽഖറിന്റെ ഡ്രൈവിംഗ് എല്ലാർക്കും ഒരു പാഠമാകേണ്ടതാണ്.
ഇക്കാര്യത്തിൽ താൻ അദ്ദേഹത്തോട് നന്ദി പറയുന്നു. സംഭവത്തിന് പിന്നാലെ തന്റെ മേലുദ്യോഗസ്ഥരടക്കം നിരവധി പേർ തന്നെ അഭിനന്ദിച്ചുവെന്നും പൊലീസുകാരൻ സന്തോഷത്തോടെ അറിയിച്ചു. ദുൽഖറാണ് കാറിൽ ഉണ്ടായിരുന്നതെന്ന് ബിജി ആദ്യം മനസ്സിലായിരുന്നില്ല. നേരായ വഴിയിലൂടെ വണ്ടിയെടുത്ത് നടൻ പോയപ്പോഴാണ് തനിക്ക് ആളെ മനസിലായതെന്നും ഹോം ഗാർഡ് ബിജി പറഞ്ഞു.