
ആഗ്രഹവും പ്രയത്നവുമെണ്ടെങ്കിൽ അസാധ്യമായ് ഒന്നുമില്ലെന്നതിന്റെ നേർ സാക്ഷ്യമാണ് വയനാട് ഇരിമനത്തൂരിലെ മഠത്തിൽ സുരേഷിന്റെ വീട്. 1100 സ്‌ക്വയർഫീറ്റുള്ള വീടാണ് ഈ അച്ഛനും മക്കളും ചേർന്നു നിർമിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് ഇവർ പുതിയ വീട്ടിൽ താമസമാരംഭിച്ചു. സുരേഷ് മഠത്തിൽ എന്ന അച്ഛനെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നത് മക്കൾ ഹർഷയും ശ്രീഹാസുമാണ്. വീട് മാത്രമല്ല, ഒരു കുടുംബത്തിന് സന്തോഷകരമായ് ജീവിയ്ക്കാൻ സാധിയ്ക്കുന്ന പരിസരം കൂടി ഉൾപ്പെടുന്ന ഒരു " ലിവിംഗ് " ആണ് സ്കൂൾ ബസ് ഡ്രൈവറായ സുരേഷ് ഒരുക്കിയിട്ടുള്ളത്.
തുളസിത്തറ പല വീടുകളിലുമുണ്ടെങ്കിലും ഇവരുടേത് പോർട്ടബിൾ ആണ്. ജെ.സി.ബി. ടയറുകൊണ്ട് നിർമ്മിച്ച താമരക്കുളവും ഉരുളിയും ശംഖും ഏറുമാടവുമെല്ലാം ആരെയും അതിശയിപ്പിയ്ക്കും. കൊവിഡ് കാലമായതിനാൽ സ്കൂൾ വിദ്യാർത്ഥികളായ ഹർഷയും ശ്രീഹാസും എല്ലാ നിർമ്മാണ പ്രവൃത്തികളിലും അച്ഛന്റെ കൂടെത്തന്നെയുണ്ടായിരുന്നു. ഭർത്താവിനും മക്കൾക്കും കട്ട സപ്പോർട്ടുമായ് വീട്ടമ്മയായ സുചിത്രയുമുണ്ട് , ഒപ്പം മുത്തശ്ശിമാരായ സരോജിനിയും ശ്രീമതിയും .
8 വർഷം മുൻപാണു സുരേഷ് മുൻപുണ്ടായിരുന്ന വീടിനു സമീപത്തായി പുതിയ വീടുനിർമാണം ആരംഭിക്കുന്നത്. ആദ്യകാലത്തു ചില സഹായികളെ ഒപ്പം ചേർത്തത് ഒഴിച്ചാൽ ടൈൽ പതിപ്പിക്കലും പെയ്ന്റിംഗും ഗാർഡനിങ്ങുമൊക്കെ സുരേഷും മക്കളും ചേർന്നാണു ചെയ്തത്. 'വീടു കെട്ടുന്ന ജോലികൾ സ്വയം ചെയ്യണമെന്ന ആഗ്രഹം മുൻപേയുണ്ടായിരുന്നു. കുറച്ചു ജോലിക്കാരെ സഹായത്തിനായി കൂട്ടിയാണു വീടുനിർമാണം തുടങ്ങിയത്. ഭിത്തി കെട്ടി, വാർപ്പ് ജോലികൾ വരെ അങ്ങനെ ചെയ്തു. പിന്നീടു സാമ്പത്തിക ബുദ്ധിമുട്ടുണ്ടായി. അതോടെ വീടുനിർമാണം താൽകാലികമായി നിർത്തുകയായിരുന്നു ആ സമയത്ത് ടെക്സ്റ്റൽസ് ജീവനക്കാരനായിരുന്നു സുരേഷ്. മുടങ്ങിപ്പോയ വീടുനിർമാണം സ്വയം ഏറ്റെടുക്കുകയായിരുന്നു സുരേഷ്. പിന്നീട് വീട്ടിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള സ്‌കൂളിൽ ബസ് ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചു. പകൽ ജോലിയുടെ ഇടവേളയിൽ വീടു നിർമാണത്തിന്റെ ജോലികൾ ചെയ്തു തുടങ്ങി. രാവിലെയും വൈകിട്ടും ബസ് ഡ്രൈവർ ജോലിയും പകൽ സമയത്തു വീടു നിർമാണവും.
ലോക്ഡൗണിനെത്തുടർന്നു സ്‌കൂൾ അടച്ചപ്പോൾ വീടു നിർമാണത്തിനു മക്കളും ഒപ്പം ചേർന്നു. വീട്ടിൽ കൃഷിയും പശുവളർത്തലുമൊക്കെയുള്ളതിനാൽ ദിവസവും പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കുമെന്നു സുരേഷ്. 8 മണിക്കു ശേഷം വീടു നിർമാണ പ്രവൃത്തികൾ ആരംഭിക്കും. മക്കൾ ആ സമയത്ത് എല്ലാ ജോലികൾക്കും ഒപ്പം കൂടി. ഒരു വർഷം അച്ഛനും മക്കളും ഒത്തു പിടിച്ചപ്പോൾ വീടു നിർമാണം വേഗത്തിൽ പൂർത്തീകരിച്ചു.