
വിവേകാനന്ദൻ കൃഷ്ണവേണി ശശികല എന്ന ചിന്നമ്മ തമിഴ് തേർതെൽ തിരുവിഴയിലെ നായികയാകുമെന്ന് തമിഴ്‌മക്കളെല്ലാം പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന ഘട്ടത്തിലാണ് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന , അവിശ്വസനീയമായ പ്രഖ്യാപനമുണ്ടായത്. പുലി പതുങ്ങുന്നത് ഒളിക്കാനല്ല, പായാനാണെന്ന് പലരും സൂചിപ്പിക്കുന്നുണ്ടെങ്കിലും ചിന്നമ്മ, സാക്ഷാൽ അമ്മയായ ജയലളിതയ്ക്ക് നല്കിയ വാക്ക് തമിഴ് മക്കൾ ഇനിയും മറന്നിട്ടില്ല.
''മുഖ്യമന്ത്രിയായി ചുമതലയേറ്റിട്ട് മറീനയിലെ അക്കയുടെ സ്മാരകത്തിൽ വരും. എല്ലാവർക്കുമൊപ്പം ഫോട്ടോയെടുക്കും.'' - എന്നായിരുന്നു ശിക്ഷ ഏറ്റുവാങ്ങാനായി പോകുന്നതിനു മുമ്പ് ചെന്നൈ മറീനയിലെ ജയ സമാധി സന്ദർശിച്ച് ശശികലയുടെ പ്രതിജ്ഞ.
എന്നാൽ നാലുവർഷത്തെ ജയിൽവാസത്തിന് ശേഷം വൻ സ്വീകരണമേറ്റുവാങ്ങി ചെന്നൈയിൽ തിരിച്ചെത്തി, പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം പിടിച്ചെടുക്കാൻ കോടതിയിൽ കേസുകൊടുത്ത്, പ്രമുഖ നേതാക്കളുമായി ചർച്ച നടത്തി അവരെ തന്റെ വശത്താക്കി അരയും തലയും മുറുക്കിയിറങ്ങാൻ കരുക്കൾ നീക്കിയ ശശികലയ്ക്ക് പൊടുന്നനെ എന്തുപറ്റി ? പൊതുജീവിതം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനത്തിന്റെ പിന്നിലെന്താണ്? ഈ ചോദ്യങ്ങൾക്ക് ഒന്നല്ല, നിരവധി ഉത്തരങ്ങളാണുള്ളത്.
ബി.ജെ.പിയുടെ നീക്കമോ?
രാഷ്ട്രീയത്തിൽ നിന്ന് തത്കാലം മാറിനിൽക്കണമെന്നു ശശികലയോടു ബി.ജെ.പി ആവശ്യപ്പെട്ടെന്നാണ് വിവരം. ഒട്ടേറെ സാമ്പത്തിക ക്രമക്കേട് കേസുകൾ, നിലനിൽക്കെ, ബി.ജെ.പിയെ പിണക്കുന്നത് ബുദ്ധിയല്ലെന്ന തിരിച്ചറിവാണ് രാഷ്ട്രീയത്തിൽ നിന്നു വിരമിക്കുന്നുവെന്ന ശശികലയുടെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് പിന്നിലെന്നാണ് സൂചന. ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശശികല രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഒത്തുതീർപ്പിനില്ലെന്ന നിലപാടിൽ അണ്ണാ ഡി.എം.കെ നേതൃത്വം ഉറച്ചുനിന്നു. കഴിഞ്ഞയാഴ്ച ചെന്നൈയിലെത്തിയ അമിത് ഷാ വിഷയത്തിൽ ഇടപെട്ടെങ്കിലും അണ്ണാഡി.എം.കെ നേതൃത്വം വഴങ്ങിയില്ല.ശശികല സജീവമായി രംഗത്തിറങ്ങിയാൽ തെക്കൻ മേഖലയിൽ അണ്ണാ.ഡി.എം.കെ വോട്ടുകൾ വിഭജിക്കാൻ സാദ്ധ്യതയുണ്ടായിരുന്നു. ഇതു ബി.ജെ.പിയുടെ അതൃപ്തിക്കു കാരണമാകുമെന്ന ആശങ്ക പിന്മാറ്റത്തിനു കാരണമായി പറയപ്പെടുന്നു.
നീക്കം ദൂതൻ വഴി
ബി.ജെ.പിയുമായി ബന്ധമുള്ള ദൂതനും വി.കെ. ശശികലയോട് അടുപ്പമുള്ള ഒരു പാർട്ടിയിലും അംഗമല്ലാത്ത കുടുംബാംഗവും നടത്തിയ ചില ശക്തമായ ഇടപെടലുകളാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ അതിനിർണായകമായ ആ തീരുമാനത്തിലെത്താൻ ശശികലയെ പ്രേരിപ്പിച്ചത്.
എ.ഐ.എ.ഡി.എം.കെ , ബി.ജെ.പി സഖ്യത്തിന് ഏതെങ്കിലും തരത്തിൽ വെല്ലുവിളി സൃഷ്ടിച്ചാൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ അധികാരത്തിലെത്തുമെന്നും അത് കൂടുതൽ ദോഷം ചെയ്യുമെന്നും ശശികലയെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് 'ജയയുടെ അണികൾ' ഒന്നിച്ചുനിന്ന് പൊതുശത്രുവായ ഡി.എം.കെയെ പരാജയപ്പെടുത്തണമെന്ന് ആഹ്വാനം നൽകി ചിന്നമ്മ 'താത്‌കാലികമായി' പിൻവാങ്ങിയത്.
ചരടുവലികൾക്ക് പിന്നിൽ ബി.ജെ.പിയാണെന്നാണ് വിവരം. പാർട്ടിക്ക് ഏറെ അടുപ്പമുള്ള ഒരു ദൂതനെ ഇതിനായി നിയോഗിക്കുകയായിരുന്നു. ഇദ്ദേഹം ശശികലയ്ക്ക് ഏറ്റവും അടുപ്പമുള്ള ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലാത്ത ബന്ധുവിനെയാണ് ആദ്യം സമീപിച്ചത്. തുടർന്ന് പാർട്ടിയുടെ സന്ദേശങ്ങൾ ശശികലയിലേക്ക് എത്തിക്കുകയായിരുന്നു. ജയലളിത പോറ്റിവളർത്തിയ പാർട്ടിയെ നിർണായകമായ ഘട്ടത്തിൽ ദുർബലപ്പെടുത്തുന്ന നടപടികൾ ശശികലയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് അവരോട് വ്യക്തമാക്കി.
ധാർമ്മികമായ പിന്തുണ പാർട്ടിക്കു നൽകണമെന്നും മരുമകനായ ടി.ടി.വി. ദിനകരനെ ഈ ഘട്ടത്തിൽ പിന്തുണയ്ക്കുന്നത് കുടുംബവാഴ്ചയാണെന്നു വിലയിരുത്തപ്പെടുമെന്നും ശശികലയെ ബോദ്ധ്യപ്പെടുത്തി. ഡി.എം.കെ അധികാരത്തിലെത്തിയാൽ അതിന്റെ പഴി മുഴുവൻ ശശികല കേൾക്കേണ്ടിവരുമെന്നും ബി.ജെ.പി ദൂതൻ ശശികലയുടെ ബന്ധുവിനെ അറിയിച്ചു.
തുടർന്ന് ശശികലയുമായി ബന്ധു ചർച്ചകൾ നടത്തി. ഒടുവിൽ താൻ രാഷ്ട്രീയത്തിൽനിന്ന് അകന്നു നിൽക്കുകയാണെന്നു ബുധനാഴ്ച അപ്രതീക്ഷിതമായി ചിന്നമ്മ പ്രസ്താവന ഇറക്കുകയായിരുന്നു.
അപ്രതീക്ഷിത പ്രഖ്യാപനം
ശശികല വിഭാഗത്തെയും അണ്ണാ ഡി.എം.കെയെയും യോജിപ്പിക്കാൻ ബി.ജെ.പി നടത്തിയ അവസാന ശ്രമവും പരാജയപ്പെട്ടതിനു പിന്നാലെയാണ് ശശികലയുടെ പ്രഖ്യാപനമെത്തിയത്.
അധികാരവും പദവിയും ആഗ്രഹിച്ചിട്ടില്ലെന്നും അണ്ണാ ഡി.എം.കെ സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും പ്രസ്താവനയിൽ ശശികല അഭ്യർത്ഥിച്ചു. ശത്രു ഡി.എം.കെയാണെന്നും അവരെ തോൽപിക്കണമെന്നും അണികൾ ഒന്നിച്ചു നില്ക്കണമെന്നും ശശികല ആഹ്വാനം ചെയ്തു.
തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശശികല വഴങ്ങിയില്ലെന്ന് സഹോദരീപുത്രനും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവുമായ ടി.ടി.വി. ദിനകരൻ പറഞ്ഞു.
മൂന്നു പതിറ്റാണ്ട് ജയലളിതയുടെ നിഴലായിരുന്ന ശശികല, ജയലളിത ജീവിച്ചിരുന്ന കാലത്ത് പ്രത്യക്ഷമായി രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നില്ല. ജയലളിതയുടെ മരണത്തിനു പിന്നാലെ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ്, അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാലുവർഷത്തെ തടവിനു വിധിക്കപ്പെട്ട് ബംഗളൂരു ജയിലിലായത്. ശശികല ജയിലിലായിരിക്കെ പാർട്ടിയിലെ സമവാക്യങ്ങൾ മാറി. അവരെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയ പുതിയ നേതൃത്വം ശശികല കുടുംബവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
തന്ത്രപരമായ നീക്കം
ജയലളിതക്കൊപ്പം തോളോടുതോൾ ചേർന്നു നടക്കുന്ന കാലം തൊട്ടേ വി.കെ. ശശികലയെ അറിയാവുന്നവർ പറയുന്നത് ചിന്നമ്മയുടെ പിന്മാറ്റം തന്ത്രപരമായ കളിയുടെ തുടക്കമാണെന്നാണ്. തിരഞ്ഞെടുപ്പു ഫലത്തിനു ശേഷം നിറഞ്ഞുകളിക്കുകയാണ് ലക്ഷ്യം.
1989 ൽ ജയലളിതയും 'വിടവാങ്ങൽ' പ്രഖ്യാപനം നടത്തിയിരുന്നു. അനാരോഗ്യവും സമ്മർദവുമൊക്കെയാണു കാരണമായി പറഞ്ഞത്. അന്നു ജയയെ പിന്തിരിപ്പിച്ചത് ശശികലയുടെ ഭർത്താവ് പരേതനായ എൻ.നടരാജനാണ്. ഇന്ന് ശശികലയെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഈ തിരഞ്ഞെടുപ്പിൽ അണ്ണാഡി.എം.കെയ്ക്ക് വിജയസാദ്ധ്യത കുറവാണെന്ന് ശശികല ചിന്തിക്കുന്നു. പാർട്ടിയോട് ഇടഞ്ഞ് പോരാട്ടം തുടർന്നാൽ, തോൽവിയുടെ കാരണക്കാരിയായി തന്നെ ചിത്രീകരിച്ച് നേതൃത്വത്തിനു കൈകഴുകാം. പിന്നീട് പാർട്ടി പിടിച്ചെടുക്കാനുള്ള ശ്രമത്തിന് ഇതു തിരിച്ചടിയാകുമെന്ന ബുദ്ധിയാണ് പിന്മാറ്റത്തിന് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മറ്റൊന്ന്, അണ്ണാ ഡി.എം.കെ തിരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവച്ചാൽ രക്ഷകയായി ചിന്നമ്മയ്‌ക്ക് അവതരിക്കാം. ഇപ്പോൾ എതിർക്കുന്നവർ നേതൃത്വമേറ്റെടുക്കണമെന്ന ആവശ്യവുമായെത്തുമെന്നും ചിന്നമ്മ പ്രതീക്ഷിക്കുന്നു.
എന്നാൽ ശശികലയുടെ പിന്മാറ്റം താത്‌കാലികം മാത്രമാണെന്നും അവരുടെ മടങ്ങിവരവ് ഉണ്ടാകുമെന്നുമാണ് ഒരു വിഭാഗം പാർട്ടി നേതാക്കൾ വിശ്വസിക്കുന്നത്.