
ഫറ്റോർദ : ഐ.എസ്.എൽ സെമി ഫൈനലിൽ ഗോവയും മുംബയ് സിറ്റി എഫ്.സിയും തമ്മിലുള്ള ഒന്നാം പാദ പോരാട്ടം 2-2ന്റെ സമനിലയിൽ അവസാനിച്ചു. ഇഗോർ അംഗൂളോയും സേവ്യർ ഗാമയും ഗോവയ്ക്കായി ഗോളുകൾ നേടി. ഹ്യൂഗോ ബൗമസും മൊർട്ടാഡ ഫാളുമാണ് മുംബയുടെ സ്കോറർമാർ.
എട്ടിന് നടക്കുന്ന രണ്ടാം പാദത്തിൽ ജയിക്കുന്ന ടീം ഫൈനലിൽ എത്തും. 20-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഇഗോർ അംഗൂളോ ഗോവയെ മുന്നിലെത്തിച്ചു.ജോർജ് ഓർട്ടിസിനെ മന്ദർ റാവു ദേശായി വീഴ്ത്തിയതിനാണ് ഗോവയ്ക്ക് പെനാൽറ്റി കിട്ടിയത്. 38-ാംമിനിട്ടിൽ ബൗമസിലൂടെ മുംബയ് ഒപ്പമെത്തി. 59 -ാം മിനിട്ടിൽഒറ്റയ്ക്ക് മുന്നേറി ബോക്സിന് പുറത്ത് നിന്ന് തൊടുത്തൊരു ഷോട്ടിലൂടെ ഗാമ ഗോവയ്ക്ക് വീണ്ടും ലീഡ് നേടിക്കൊടുത്തു. എന്നാൽ രണ്ട് മിനിറ്റിന്റെ ഇടവേളയിൽ ഫാളിലൂടെ മുംബയ് തിരിച്ചടിക്കുകയായിരുന്നു. ഇന്ന് നടക്കുന്ന ഒന്നാം പാദ സെമിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും എടികെ മോഹൻ ബഗാനും ഏറ്റുമുട്ടും.