pannyan-raveendran

തിരുവനന്തപുരം: മുതിർന്ന സി പി ഐ നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ പന്ന്യൻ രവീന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. പാർലമെന്ററി രാഷ്ട്രീയത്തോട് താത്പര്യം കാണിക്കാത്ത പന്ന്യനെ കളത്തിലിറക്കാൻ സി പി ഐയിൽ ചൂടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. വരുന്ന ചൊവാഴ്‌ചയോടെ അന്തിമരൂപമാകുന്ന സി പി ഐ സ്ഥാനാർത്ഥി പട്ടികയിൽ പന്ന്യനും ഇടംപിടിച്ചേക്കുമെന്നാണ് വിവരം.

ചടയമംഗലത്തുനിന്നു പന്ന്യനെ മത്സരിപ്പിക്കണമെന്ന ആലോചനയാണ് പാർട്ടിയിൽ സജീവമായി നടക്കുന്നത്. സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും, പി പ്രസാദും അടക്കമുളളവർ ചടയമംഗലത്ത് നിന്ന് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. സമ്മർദ്ദം ശക്തമായാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് പന്ന്യൻ വഴങ്ങിയേക്കും എന്നാണ് സി പി ഐ വൃത്തങ്ങൾ പറയുന്നത്.

മുല്ലക്കര രത്‌നാകരനാണ് ചടയമംഗലത്തെ നിലവിലെ എം എൽ എ. മൂന്നു തവണ തുടർച്ചയായി ജയിച്ച മുല്ലക്കര ഇത്തവണ പാർട്ടി മാനദണ്ഡപ്രകാരം മാറിനിൽക്കേണ്ടിവരും. പാർട്ടി ജില്ലാ സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കുന്ന മുല്ലക്കരയുടെ താത്പര്യപ്രകാരമാണ് പന്ന്യനെ ചടയമംഗലത്തു മത്സരിപ്പിക്കാനുളള ആലോചന നടക്കുന്നത്.

രണ്ടു തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനം കർശനമായി പാലിക്കുന്നതിനാൽ സി പി ഐയിലെ മുതിർന്ന നേതാക്കളിൽ പലരും ഇക്കുറി സ്ഥാനാർത്ഥികളാവില്ല. മന്ത്രിമാരായ വി എസ് സുനിൽ കുമാർ, പി തിലോത്തമൻ, കെ രാജു എന്നിവർ പാർട്ടി മാനദണ്ഡപ്രകാരം മത്സരരംഗത്തുണ്ടാകില്ല. ഇ ചന്ദ്രശേഖരൻ മാത്രമാവും മത്സര രംഗത്തുളള സി പി ഐ മന്ത്രി. സി ദിവാകരൻ, മുല്ലക്കര രത്‌നാകരൻ, ഇ.എസ് ബിജിമോൾ എന്നീ മുതിർന്ന നേതാക്കളുടെ അസാന്നിദ്ധ്യവും പാർലമെന്ററി രംഗത്തുണ്ടാവും. ഈ സാഹചര്യത്തിലാണ് പന്ന്യൻ സഭയിൽ ഉണ്ടാവുന്നത് ഗുണം ചെയ്യുമെന്ന് പാർട്ടി കണക്കുകൂട്ടുന്നത്.

പി കെ വാസുദേവൻ നായർ അന്തരിച്ചതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ പന്ന്യൻ ജയിച്ചിരുന്നു. എന്നാൽ 2009ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരരംഗത്തേക്ക് ഇറങ്ങാതെ മാറിനിൽക്കുകയായിരുന്നു. പിന്നീട് 2011ൽ പാർട്ടിയുടെ നിർബന്ധത്തിന് വഴങ്ങി പറവൂർ നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കാൻ പന്ന്യൻ ഇറങ്ങിയെങ്കിലും വി ഡി സതീശനോട് പരാജയപ്പെടുകയായിരുന്നു. നിലവിൽ പാർട്ടി ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാനായ പന്ന്യൻ സി പി ഐയുടെ ജനകീയ മുഖമാണ്.