balan

പാലക്കാട്: തരൂരിൽ എ കെ ബാലന് പകരം ഭാര്യ ഡോ പി കെ ജമീലയെ സ്ഥാനാർത്ഥിയാക്കുന്നതിൽ മണ്ഡലത്തിലെ പാർട്ടി പ്രവർത്തകർക്കിടയിൽ അതൃപ്‌തി. പട്ടികജാതി ക്ഷേമസമിതിയിൽ ഉൾപ്പടെ അർഹരായ നേതാക്കളുണ്ടെന്നിരിക്കെ, ജമീലയെ കെട്ടിയിറക്കുന്നത് ദോഷംചെയ്യുമെന്നാണ് ഒരു വിഭാ​ഗം ഉയർത്തുന്ന വാദം.

തരൂരിൽ പി കെ എസ് ജില്ലാ അദ്ധ്യക്ഷൻ പൊന്നുക്കുട്ടൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ ശാന്തകുമാരി എന്നിവരുടെ പേരാണ് ആദ്യഘട്ടത്തിൽ പരിഗണിക്കപ്പെട്ടത്. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ജില്ലാ സെക്രട്ടറിയേറ്റിൽ ഡോ പി കെ ജമീലയുടെ പേര് അവതരിപ്പിക്കപ്പെടുകയായിരുന്നു.

കുഴൽമന്ദം, തരൂർ എന്നിവിടങ്ങളിൽ നിന്നായി നാലുതവണ സഭയിലെത്തിയ എ കെ ബാലന്റെ ടേം പൂ‍ർത്തിയായതോടെ അദ്ദേഹം മത്സര രംഗത്തുണ്ടാവില്ലെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാൽ ബാലന്റെ ഭാര്യയെ തന്നെ സ്ഥാനാർത്ഥിയാക്കാനുളള തീരുമാനം നേതാക്കളേയും പ്രവർത്തകരേയും അമ്പരിപ്പിക്കുന്നതായിരുന്നു. ഈ നിർദേശത്തിനെതിരെ സെക്രട്ടറിയേറ്റിൽ ഒരു വിഭാഗം കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്‌തു.

ആരോഗ്യവകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയാണെങ്കിലും സംഘടനാപ്രവർത്തനം ഇല്ലാത്തയാളെ സി പി എം കോട്ടയിൽ സ്ഥാനാർത്ഥിയാക്കുന്നതിന് എതിരെയായിരുന്നു പ്രധാന വിമർശനം. വാർത്ത പുറത്തുവന്നതിന് പിന്നാലെ, വിവാദത്തിന് പുറകിൽ ഗൂഢാലോചയെന്ന വാദം നിരത്തി എ കെ ബാലൻ രംഗത്തെത്തിയിരുന്നു. ജില്ലാ ഘടകത്തിന്റെ എതി‍ർപ്പ് മറികടന്ന് സംസ്ഥാന സമിതിയിൽ ജമീലയെ തീരുമാനിക്കുന്നതോടെ വരും ദിവസങ്ങളിൽ പാർട്ടിക്കുളളിലെ ഭിന്നത മറനീക്കി പുറത്തുവരും.