anupama-parameswaran

ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും നടി അനുപമ പരമേശ്വരനും തമ്മിൽ വിവാഹിതരാകുന്നുവെന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇപ്പോഴിതാ ഇത്തരം പ്രചാരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് അനുപമയുടെ അമ്മ സുനിത പരമേശ്വരൻ.

ബുമ്രയുമായി അനുപമയ്ക്ക് പ്രണയമില്ലെന്നും, ഇതൊക്കെ തമാശയായേ കണക്കാക്കുന്നുള്ളൂവെന്നും സുനിത ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇരുവരും തമ്മിൽ പരിചയമുണ്ടെന്നും, ഒരിക്കൽ ഷൂട്ടിംഗിന് പോയപ്പോൾ അതേ ഹോട്ടലിൽതന്നെ ബുമ്രയുണ്ടായിരുന്നു. അന്നാണ് അവർ പരിചയപ്പെട്ടതെന്നും സുനിത പറഞ്ഞു.

ഇപ്പോൾ ഇങ്ങനെയൊരു കഥ ഇറങ്ങാനുള്ള കാരണം അറിയില്ലെന്നും, മകൾ 'കാർത്തികേയ 2' എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായാണു രാജ്‌കോട്ടിലേക്കുപോയതെന്നും നടിയുടെ അമ്മ വ്യക്തമാക്കി. 'ബുമ്രയെയും അനുപമയെയും ചേർത്ത് മുൻപും പല കഥകളും ഇറങ്ങിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യാൻ തുടങ്ങിയത് ഇഷ്ടപ്പെടാത്തവർ ചേർന്നു പടച്ചു വിടുന്ന കഥകളായേ ഇതിനെയൊക്കെ കാണുന്നുള്ളൂ. അങ്ങനെ കഥകൾ ഇറങ്ങിയതോടെ അവർ അൺഫോളോ ചെയ്‌തെന്നാണു തോന്നുന്നത്.'- സുനിത പറഞ്ഞു.