
കണ്ണൂർ: മുതിർന്ന നേതാവ് പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ സി പി എമ്മിനുളളിൽ പ്രതിഷേധം. ജയരാജന് സീറ്റ് നൽകാത്തത് നീതികേടാണെന്ന് ആരോപിച്ച് സ്‌പോർട്‌സ് കൗൺസിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാർ രാജിവച്ചു. വരുംദിവസങ്ങളിൽ കണ്ണൂരിലെ സി പി എം രാഷ്ട്രീയത്തിൽ കൂടുതൽ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് വിവരം.
സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജനു വേണ്ടി വാദിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുളളവർ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും പി ജയരാജന്റെ പേര് ഉയർന്നിരുന്നില്ല.
വ്യക്തി പൂജ വിവാദത്തിന്റെ പേരിൽ പി ജയരാജനോട് മുഖ്യമന്ത്രി പിണറായി വിജയനുളള അതൃപ്‌തി ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് സ്ഥാനാർത്ഥി നിർണയത്തിൽ അദ്ദേഹത്തിന്റെ പേര് പരിഗണിക്കാതിരുന്നതിന് കാരണമെന്നാണ് പാർട്ടിക്കുളളിൽ ഉയരുന്ന വിമർശനം. അമ്പലപ്പുഴയിൽ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് കണ്ണൂരിൽ ജയരാജനെ അനുകൂലിച്ചുളള രാജി വിവാദവും ഉടലെടുത്തിരിക്കുന്നത്. സി പി എമ്മിൽ സാധാരണഗതിയിൽ കണ്ടുവരാത്ത സ്ഥാനാർത്ഥി നിർണയത്തിലെ അപസ്വരങ്ങൾ നേതാക്കൾക്ക് തലവേദനയാവുകയാണ്.