ee

മറ്റുള്ളവരുടെ കഞ്ഞിയിൽ പാറ്റയിടുന്നവരെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ സ്വന്തം കഞ്ഞിയിൽ പാറ്റയിടുന്നവരുമുണ്ട്. രമേശിന്റെ നിരീക്ഷണം കേട്ട് സുഹൃത്തുക്കൾ അതിശയിച്ചു. അത് വട്ടായിരിക്കും. അല്ലെങ്കിൽ മരമണ്ടൻ, അതുമല്ലെങ്കിൽ വിവരദോഷി. രാമകൃഷ്‌ണൻ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതൊന്നുമല്ല, നല്ല വിവരമുള്ളവർ വിദ്യാഭ്യാസമുള്ളവർ ഉയർന്ന പദവികളിലിരിക്കുന്നവർ ശ്രദ്ധിച്ചുനോക്കിയാൽ പലകുടുംബങ്ങളിലും കാണും ഇത്തരം മാനസികാവസ്ഥയുള്ളവർ. സുഖത്തിന്റെയും ദുഃഖത്തിന്റെയും അതിർവരമ്പ് നിശ്ചയമില്ലാത്തവരായിരിക്കും ഇക്കൂട്ടർ.

രമേശൻ ഉദാഹരണങ്ങൾ നിരത്തിയപ്പോൾ കടപ്പുറത്ത് കാറ്റുകൊള്ളാനെത്തിയ നാലംഗ സുഹൃത് സംഘം ശ്രദ്ധയോടെ കേട്ടിരുന്നു.

വാസുദേവന്റെ മകളുടെ വിവാഹമാണ് ഉദാഹരിച്ചത്. ഭൂവുടമയാണ് വാസുദേവൻ. ഭാര്യ രതി സർക്കാർ ഉദ്യോഗസ്ഥ. രതി ആറുമാസം വാങ്ങുന്നത് ഒരുമാസം കൊണ്ട് വാസുദേവന് കിട്ടും. അല്പം നിറം കുറവാണ്. മകൾക്ക് അച്ഛന്റെ ഛായയാണ്. തന്റെ സൗന്ദര്യവും നിറവും കൂടി മകൾക്ക് കിട്ടിയിരുന്നെങ്കിലെന്ന് അച്ഛനും മകളും കേൾക്കെ രതി ഇടയ്ക്കിടെ പറയും. അപ്പോൾ ഒരു ഐസ്ക്രീം നുണഞ്ഞിറക്കുന്ന സുഖവും സന്തോഷവുമായിരിക്കും രതിയുടെ മുഖത്ത്. വാസുദേവന് അതത്ര രസിക്കില്ലെങ്കിലും ഭാര്യയോടുള്ള ആരാധന കാരണം പുറമേ പ്രകടിപ്പിക്കാറില്ല. അമ്മയെപ്പറ്റി പുകഴ്ത്തണം. തന്റെ പാചകം, തീരുമാനമെടുക്കാനുള്ള കഴിവ്, ബുദ്ധിശക്തി എന്നിവയെക്കുറിച്ച് മക്കൾ മറ്റുള്ളവരോട് പറയുന്നത് രതിക്കിഷ്ടമാണ്. അതിന് പ്രത്യേ സമ്മാനങ്ങൾ വാങ്ങിക്കൊടുക്കുകയും ചെയ്യും. അതിനാൽ മക്കൾ പലപ്പോഴും അമ്മയുടെ പക്ഷം പിടിച്ചിരുന്നു. വാസുദേവനെപ്പറ്റി എന്തെങ്കിലും നല്ലതുപറഞ്ഞാൽ രതിയുടെ മുഖം വാടും. അച്ഛന്റെ നിഷ്കളങ്കസ്നേഹത്തെക്കുറിച്ച് നന്നായി അറിയാമെങ്കിലും പലപ്പോഴും ഇക്കാര്യത്തിൽ മക്കൾ മൗനം ഭജിച്ചു.

പുതിയ പട്ടുസാരി ഉടുത്ത് വിവാഹത്തലേന്ന് മകൾ ഇറങ്ങിവന്നപ്പോൾ വാസുദേവനെ നോക്കി കളിയാക്കുന്ന മട്ടിൽ രതി പറഞ്ഞു: നന്നായിട്ടുണ്ട്. പക്ഷേ, എന്റെ നിറവും ചന്തവും കൂടിയുണ്ടായിരുന്നെങ്കിൽ കലക്കിയേനെ. അനവസരത്തിലെ കുത്തുവാക്ക് വാസുദേവൻ കേട്ടതായി ഭാവിച്ചില്ല. മകൾക്കും അതിഷ്ടപ്പെട്ടില്ലെങ്കിലും സന്തോഷവേളയ്ക്ക് മങ്ങലേൽക്കാതിരിക്കാൻ മൗനം പാലിച്ചു. മകളുടെ വസ്ത്രങ്ങളും ആഭരണങ്ങളും ബന്ധുക്കൾ വിസ്മയത്തോടെ നോക്കുമ്പോൾ അതെല്ലാം താൻ സെലക്ട് ചെയ്തതാണെന്നും രതി ഓർമ്മിപ്പിച്ചു.

ചിലർക്ക് സന്തോഷിക്കാൻ വേണ്ടതിലധികം ദൈവം വാരിക്കോരി നൽകും. അത് മറ്റുള്ളവർക്കെല്ലാം മനസിലാകും. ആ വീട്ടിലുള്ളവർക്ക് മാത്രം അത് മനസിലായെന്ന് വരില്ല. വലതുകാൽ വച്ച് വന്നു കയറുന്ന സന്തോഷമുഹൂർത്തങ്ങളെ അനവസരത്തിലെ ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ തകർക്കും. തൊട്ടുപിന്നാലെ വരുന്ന സുഖനിമിഷങ്ങളെയും പേപ്പട്ടിയെപ്പോലെ തല്ലിയോടിക്കും. എന്നിട്ട് മറ്റുള്ളവരുടെ സഹതാപം കിട്ടാനായി വെറുതേ പുലമ്പിക്കൊണ്ടിരിക്കും. എന്റെ ജാതകത്തിൽ നല്ല ഗ്രഹങ്ങളെല്ലാം നീചസ്ഥാനത്താ ഗ്രഹങ്ങളല്ല സ്വന്തം നാക്കും മനസും അഹന്തയുമാണ് നീചസ്ഥാനത്തെന്ന് ഇക്കൂട്ടർക്ക് ആര് പറഞ്ഞുകൊടുക്കാൻ?

രമേശ് പറഞ്ഞുനിറുത്തിയപ്പോൾ കേട്ടിരുന്ന സുഹൃത്തുക്കൾ പറഞ്ഞു: വഴിയേപോകുന്ന പാറ്റകളെ സ്വന്തം കഞ്ഞിപ്പാത്രത്തിൽ വാരിയിടുന്നവർ ഒട്ടും ന്യൂനപക്ഷമല്ല.

(ഫോൺ: 9946108220)