
പരുഷമായ സ്വരത്തിൽ മുന്നറിയിപ്പുകൾ നൽകിയിട്ടും രാവണൻ പിന്തിരിയുന്നില്ലെന്ന് കണ്ട് മാരീചൻ വിഷാദസ്വരത്തിൽ ഇപ്രകാരം പറഞ്ഞു: എന്നെ നിഗ്രഹിക്കുവാൻ ആയുധധാരിയായി നിൽക്കുകയാണ് ശ്രീരാമൻ. രാമനെ കാണുന്ന മാത്രയിൽ എന്റെ ജീവൻ ശരീരത്തിൽ നിന്ന് വേർപെടും. രാമനോട് എതിരിടുന്ന ആർക്കും ജീവനോടെ മടങ്ങാനാകില്ല. കാലദണ്ഡം അങ്ങയുടെ മേൽ പതിച്ചുകഴിഞ്ഞു. എന്റെ അവസ്ഥയും അതുതന്നെ. ദുഷ്ടനായ നിന്നോട് ഇതിൽ കൂടുതൽ ഞാൻ എന്തു പറയാനാണ്? ഞാനിതാ നിന്റെ ആജ്ഞയനുസരിച്ച് പുറപ്പെടുകയായി. നിനക്ക് എല്ലാ മംഗളങ്ങളും ഉണ്ടാകട്ടെ.
രാവണനിലുള്ള ഘോരഭയം കൊണ്ടും വരാനിരിക്കും ഭവിഷ്യത്തും ചിന്തിച്ച് ദീനസ്വരത്തിൽ മാരീചൻ ഇപ്രകാരം പറഞ്ഞപ്പോൾ രാവണന് അളവറ്റ സന്തോഷം തോന്നി. മാരീചനെ സ്നേഹപൂർവം ആലിംഗനം ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു: എന്റെ ഇംഗിതം പോലെയായി അങ്ങയുടെ ധീരമായ വാക്കുകൾ. ഇപ്പോഴാണ് പഴയ ഇഷ്ടമാരീചനായത്. പ്രതികൂലവാക്കുകൾ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഏതോ ഒരു രാക്ഷസനെന്നാണ് തോന്നിയത്. രത്നം പതിച്ചതും പിശാചിന്റെ മുഖസാദൃശ്യമുള്ള കുതിരകളെ കെട്ടിയതുമായ എന്റെ ദിവ്യമായ രഥത്തിൽ കയറുക. സീതയെ മോഹിപ്പിച്ചു രാമലക്ഷ്മണന്മാരിൽ നിന്ന് അകറ്റുക. അത്രയും ചെയ്തു കഴിഞ്ഞാൽ അങ്ങയ്ക്ക് പോകാം. സീതയെ അപഹരിച്ചു കൊണ്ടുപോകാൻ ബലശാലിയായ ഞാൻ ഒറ്റയ്ക്കു മതി.
അമിത വിശ്വാസത്തോടെ ഇപ്രകാരം ജല്പിച്ചുകൊണ്ട് രാവണൻ വിമാനസമാനമായ തന്റെ രഥത്തിൽ മാരീചനൊപ്പം കയറി. അതിവേഗത്തിൽ രഥം പറന്നു. മാരീചാശ്രമം ബഹുദൂരം പിന്നിലായി. പർവതങ്ങളും നദികളും കാടുകളും നാടുകളും പിന്നിട്ട് ദിവ്യരഥം സഞ്ചരിച്ചു. തൊട്ടടുത്തെത്തിയെന്ന് തോന്നിച്ചതെല്ലാം ഒരു മാത്രകൊണ്ട് പിന്നിൽ ഉറഞ്ഞു. രാമാശ്രമം ദൂരെയായി കണ്ടപ്പോൾ രാവണൻ ഉത്സാഹഭരിതനായി. പിന്നെ രത്നരഥത്തിൽ നിന്നിറങ്ങി മാരീചന്റെ കൈ പിടിച്ച് സന്തോഷം പങ്കുവച്ചു. പിന്നെ ആഹ്ലാദത്തോടെ ഇപ്രകാരം പറഞ്ഞു: വാഴകളാൽ സമൃദ്ധമായ രാമാശ്രമം അതാ കാണുന്നു. വന്ന കാര്യം ഉടൻ നടത്തണം. എന്നിട്ട് അങ്ങയ്ക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് പോകാം.
അടുത്തക്ഷണത്തിൽ മാരീചൻ ഒരു മായപ്പൊന്മാനായി. രാമാശ്രമ പരിസരത്ത് മേയാൻ തുടങ്ങി. അത്ഭുതകരമായ ഒരു മാൻ. ഇന്ദ്രനീല രത്നം പോലെ ശോഭയാർന്ന കൊമ്പുകൾ. സുന്ദരമായ മുഖം. നീലോല്പം പോലുള്ള കാതുകൾ. ഉയർുന്ന നിൽക്കുന്ന കഴുത്തടം. നീലരത്നശോഭയുള്ള ചുണ്ട്. മനോഹരമായ വയർ. താമരപ്പൂവിന്റെ അല്ലിപോലുള്ള നിറം. വൈഡൂര്യം പോലുള്ള കുളമ്പ്. വാർമഴവില്ലിന്റെ ചേലുള്ള വാൽ. കനകവർണത്തിൽ വെള്ളിപ്പുള്ളികളുള്ള ശ്രേഷ്ഠമായ ഒരു മാനായി മാരീചൻ മാറി. ആരെയും ഭ്രമിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്യുന്ന ഒരു കനകമൃഗമായി മാരീചൻ രാമാശ്രമ പ്രാന്തത്തിൽ മേഞ്ഞുനടന്നു. കണ്ണിന് ഇമ്പം പകരുന്ന ആ മൃഗം വൃക്ഷങ്ങളുടെ തളിരുകൾ തിന്നുകൊണ്ട് അവിടെങ്ങും കറങ്ങിനടന്നു. സീതാദേവിയെ കൊതിപ്പിക്കത്തക്കവിധത്തിൽ കൺവെട്ടത്തിലും അല്പം അകലെയായും അത് പ്രത്യക്ഷപ്പെട്ടു. വാഴത്തോപ്പിലും പൂന്തോപ്പിലും അടുത്തും അകലെയുമായി അത് മേഞ്ഞുനടന്നു. താമരപൂവിന്റെ കാന്തിയാർന്ന ആമാൻ കണ്ണും കരളും കവരത്തക്കവിധം കളിച്ചുനടന്നു. ചിലനേരം ദൂരേയ്ക്ക് പായും. അടുത്ത നിമിഷം അരികത്തെത്തും. പിന്നെ തുള്ളിച്ചാടും. ചിലപ്പോൾ മേയുന്ന മാൻകൂട്ടത്തിന്റെ നടുവിലായിരിക്കും. ഇങ്ങനെ സീതയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പലതരത്തിൽ പലസ്ഥലത്തായി പ്രത്യക്ഷപ്പെടും. മറ്റ് മാനുകൾ അടുത്ത്ചെന്ന് മണം പിടിച്ചശേഷം ഭയന്ന പോലെ ദൂരത്തേക്ക് പായും. മാംസഭോജിയായ രാക്ഷനാണെന്ന് അവ മണം കൊണ്ടറിഞ്ഞിരിക്കാം. എന്നാൽ മാരീചപ്പൊൻമാൻ ഒരു ഉപദ്രവവും ചെയ്യാതെ അവയെ ഉരുമ്മി നടക്കാൻ ശ്രമിച്ചു.
പൂ പറിക്കാനായി ആശ്രമത്തിന് പുറത്തേക്ക് വന്ന് സീതാദേവി മായപ്പൊൻമാനിനെ കണ്ടു. വെള്ളപോലെ കാന്തിയേന്തുന്ന ശരീരം സ്നേഹപൂവം നീലോല്പനനേത്രങ്ങളോടെ സീത ആ മാനിനെ ദർശിച്ചു. അതിന്റെ കാന്തി വീണ്ടും വീണ്ടും സീതാനേത്രങ്ങളെ മോഹിപ്പിച്ചു. എത്രകണ്ടിട്ടും മതിവരുന്നില്ല. മാരീചനാകുന്ന കനകമൃഗം അവിടെങ്ങും വിഹരിച്ചു. മുമ്പൊരിക്കലും ഇത്രഭംഗിയുള്ള ഒരു മാനിനെ കണ്ടിട്ടില്ല. എന്തൊരു ഭംഗി. സീതയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു. ആശ്ചര്യത്തോടെ സീതാനേത്രങ്ങളും മുഖവും വികസിച്ചു.
(ഫോൺ: 9946108220)