kanam-rajendran

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം വലുതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇക്കാര്യത്തിൽ നിയമപരമായി അന്വേഷണം നടക്കട്ടെയെന്നും കാനം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു കാനത്തിന്റെ മറുപടി.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി ജെ പി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണോ എന്ന ചോദ്യത്തിന് ഇക്കാര്യം ആദ്യം പറഞ്ഞ പാർട്ടി സി പി ഐ ആണെന്നായിരുന്നു കാനത്തിന്റെ മറുപടി. അതിപ്പോൾ അവർ തെളിയിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷൻ പദ്ധതിയിലെ കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ വാങ്ങിയ ഐഫോണുകളിൽ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നതായാണ് കസ്റ്റംസ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്തയാഴ്‌ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

സന്തോഷ് ഈപ്പൻ വാങ്ങിയ ഏറ്റവും വില കൂടിയ ഐ ഫോണാണ് വിനോദിനി ഉപയോഗിച്ചിരുന്നത്. 1,13,900 രൂപ വിലയുളള ഫോണാണ് ഇത്. സ്വർണക്കടത്ത് വിവാദമാകുന്നതു വരെ വിനോദിനി ഈ ഫോൺ ഉപയോഗിച്ചിരുന്നതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനുശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഐ എം ഇ ഐ നമ്പർ വഴിയാണ് കസ്റ്റംസ് ഫോൺ കണ്ടെത്തിയത്.