ee

ക്രൂരതയുടെ ആൾരൂപമായിരുന്നു ആ രാജാവ്. ജനങ്ങൾ അദ്ദേഹത്തിന്റെ പേര് ഉരുവിടുന്നതുതന്നെ പേടിച്ചായിരുന്നു. നിസാര കുറ്റങ്ങൾക്ക് പോലും വധശിക്ഷ നൽകി ആ സാഡിസ്റ്റ് രസിച്ചുകൊണ്ടേയിരുന്നു. മന്ത്രിമാർ ഉൾപ്പെടെയുള്ള ഏവരും രാജാവിന്റെ മുന്നിൽ ഭയന്നുവിറച്ചാണ് നിന്നിരുന്നത്. ഇഷ്‌ടപ്പെടാത്ത സത്യങ്ങൾ പറയാൻ അവർ തയ്യാറായില്ല. അപ്രിയസത്യങ്ങൾ പറയുന്നവരെ രാജാവ് ഉടൻതന്നെ ശിരച്‌ഛേദം ചെയ്യുകയായിരുന്നു പതിവ്.

രാജാവിന്റെ ഈ അഹങ്കാരവും ക്രൂരതയും മൂലം ജനങ്ങളുടെ മനോഭാവം എന്താണെന്ന് ആരും അയാളോട് പറഞ്ഞില്ല. ഉപജാപകസംഘം എപ്പോഴും അയാളെ സ്‌തുതിച്ച് കാര്യങ്ങൾ നേടിക്കൊണ്ടിരുന്നു. അവരുടെ ആത്മാവില്ലാത്ത പുകഴ്‌ത്തൽ കേട്ട് രാജാവ് പുളകം കൊണ്ടു. താനാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തിശാലി എന്നയാൾ അഹങ്കരിച്ചു.

വിഡ്‌ഢിക്കളും സ്വാർത്ഥതത്പരരുമായ വൈതാളികർ രാജാവിനോട് സത്യം പറഞ്ഞില്ല. ജനങ്ങൾ രാജാവിനെതിരെ സംഘടിക്കാനും ആഭ്യന്തരകലാപം അഴിച്ചുവിടാനും ആസൂത്രണം നടത്തുന്നുണ്ടായിരുന്നു. രാജാവിന്റെ മരണം ജനങ്ങൾ അതിയായി ആഗ്രഹിച്ചു.

എന്നാൽ ഒരു സുപ്രഭാതത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രാജാവിന്റെ വിളംബരം ഉണ്ടായി. ഇനിമുതൽ ഈ രാജ്യത്ത് ആരെയും നാം കൊല്ലുന്നതല്ല. ഇനിയും ഈ രാജ്യത്ത് യാതൊരുവിധ അനീതിയും ഉണ്ടാകുന്നതല്ല. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു.

രാജാവിന്റെ വിളംബരം കേട്ട് എല്ലാവരും ഞെട്ടി. എന്തൊരത്ഭുതമാണിത്? ഒരു ക്രൂരനായ മനുഷ്യന് ഒരു രാത്രികൊണ്ട് ഇങ്ങനെ നന്മയിലേക്ക് മാറാൻ കഴിയുമോ?

എന്തായാലും ആദ്യം ജനങ്ങൾ ഇത് വിശ്വസിച്ചില്ല. പക്ഷേ തുടർന്ന് രാജാവിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ അവർ അദ്ദേഹം മര്യാദക്കാരനായി മാറിയിരിക്കുന്നു എന്നു മനസിലാക്കി.

നേരത്തേ രാജാവിനോട് നേരിട്ട് സംസാരിക്കാൻ ധൈര്യമില്ലാതിരുന്ന ഒരു മന്ത്രി ധൈര്യം സംഭരിച്ച് മടിച്ചുമടിച്ച് രാജാവിനോട് ചോദിച്ചു:

''മഹാരാജൻ! അങ്ങേയ്‌ക്ക് പെട്ടെന്ന് ഇങ്ങനെയൊരു മാറ്റമുണ്ടാകാൻ കാരണമെന്താണ്? അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്."

''അതിന് കാരണമുണ്ട്. പറയാം. ഒരു ദിവസം ഞാൻ കാട്ടിൽ നായാട്ട് നടത്തിക്കൊണ്ടിരിക്കേ ഒരു കാഴ്ചകണ്ടു. ഒരു കുറുക്കനെ ചെന്നായ ഓടിക്കുന്ന കാഴ്‌ച. കുറുക്കനെ കടിച്ചുകീറാൻ ചെന്നായ ശ്രമിച്ചെങ്കിലും കുറുക്കന്റെ കാലിൽ മാത്രം പിടികൂടാനേ കഴിഞ്ഞുള്ളൂ. അതിനിടെ കുറുക്കൻ പ്രാണരക്ഷാർത്ഥം ഒരു വലിയ മാളത്തിൽ കയറി രക്ഷപ്പെട്ടു. പക്ഷേ അതിന്റെ കാലിൽ ചെന്നായയുടെ കടിയേറ്റതിനാൽ കാലിലെ എല്ലുപൊട്ടി. അങ്ങനെ കുറുക്കൻ മുടന്തനായി."

നായാട്ട് കഴിഞ്ഞ് രാജാവ് ഗ്രാമത്തിലെത്തിയപ്പോൾ പഴയ ചെന്നായ ഒരു കൃഷിക്കാരന്റെ നേരെ കുതിക്കുന്നതാണ് കണ്ടത്. തന്നെ ആക്രമിക്കാൻ വന്ന ചെന്നായയെ അയാൾ ഒരു കല്ലെടുത്ത് ശക്തിയായി എറിഞ്ഞു. കാലിൽ ഏറുകൊണ്ട ചെന്നായ ഒടിഞ്ഞുതൂങ്ങിയ കാലുമായി മുടന്തിമുടന്തി ഓടിപ്പോയി.

ചെന്നായയെ ഓടിച്ച സന്തോഷത്തിൽ ആ കൃഷിക്കാരൻ മുന്നോട്ടുപോയി ഏറെ നേരം കഴിയുന്നതിനുമുമ്പ് താഴെ വീണു. പിറകിൽ നിന്ന് ഒരു കുതിര തൊഴിച്ചതായിരുന്നു കാരണം. കൃഷിക്കാരൻ എണീക്കാൻ വയ്യാതെ വേദനകൊണ്ട് പുളഞ്ഞു. അയാളുടെ കാൽമുട്ട് തകർന്നുപോയിരുന്നു. ജീവിതകാലം മുഴുവൻ മുടന്തനായി നടക്കാനായിരുന്നു അയാളുടെ വിധി.

കൃഷിക്കാരനെ ആക്രമിച്ച കുതിര വളരെവേഗം ഓടാൻ തുടങ്ങി. പക്ഷേ മുന്നിലുണ്ടായിരുന്ന വലിയ ഒരു കുഴിയിൽ അത് വീണുപോയി. എഴുന്നേൽക്കാൻ വയ്യാതെ കിടന്ന ആ കുതിരയുടെ ഒരു കാൽ ഒടിഞ്ഞുതകർന്നിരുന്നു.

രാജാവ് തുടർന്നു: ഈ കാഴ്‌ചകൾ ഒക്കെ എന്റെ കണ്ണുതുറപ്പിച്ചു. എല്ലാ അനുഭവങ്ങളും പലിശയില്ലാത്ത കടമാണെന്ന് ഞാൻ മനസിലാക്കി. കൊടുക്കുന്നതേ നമുക്ക് തിരിച്ചുകിട്ടൂ എന്ന് ദൈവം ഈ ഉദാഹരണങ്ങളിലൂടെ എന്നെ ബോദ്ധ്യപ്പെടുത്തി. വിതയ്‌ക്കുന്നതു മാത്രമേ നമുക്ക് കൊയ്യാൻ കഴിയൂ. ഞാൻ തിന്മയുടെ പാതയിലൂടെ സഞ്ചരിച്ചാൽ എന്നെ കാത്തിരിക്കുന്നത് തിന്മകൾ ആയിരിക്കുമെന്ന് എനിക്ക് വെളിപാടുണ്ടായി. അങ്ങനെയാണ് ഞാൻ എല്ലാ പൈശാചികപ്രവർത്തികളും നിറുത്തിയത്.

മന്ത്രിയ്‌ക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടു. ഇനി രാജാവിനെ പരാജയപ്പെടുത്താൻ എളുപ്പമാണ്. അയാൾ തിരികെ ആക്രമിക്കുന്ന മനോനിലയിലല്ല. അതുകൊണ്ട് ഈ അവസരം മുതലാക്കി രാജാവിനെ പുറത്താക്കണം. അധികാരത്തിന്റെ സിംഹാസനത്തിൽ ഇരിക്കുന്നത് സ്വപ്‌നം കണ്ട് മുന്നോട്ട് നടന്ന മന്ത്രി വഴിയിൽ കിടന്ന് ഒരു കല്ല് കണ്ടില്ല. അതിൽ തട്ടി തീഴെ വീണ അയാളുടെ കാൽ മാത്രമല്ല കഴുത്തും ഒടിഞ്ഞുപോയിരുന്നു!

അതെ! മനസുകൊണ്ടും വാക്കുകൊണ്ടും കർമ്മം കൊണ്ടും നാം ചെയ്യുന്നതെല്ലാം ഒരു ആവർത്തന ചക്രത്തിലൂടെ നമുക്ക് തന്നെ തിരികെ കിട്ടുന്നു. അതുകൊണ്ട് കഴിയുന്നത്ര നന്മ ചെയ്യാൻ ശ്രമിച്ചാൽ അതുതന്നെ നമുക്ക് തിരികെ കിട്ടും. ഇതു കേവലമായ വിശ്വാസമല്ല മറിച്ച് അനുഭവസാക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഉറപ്പാണ്!