
തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ തുടർന്ന് സർവമേഖലകളും തകർന്ന് അന്തംവിട്ടു നിന്ന ഒരു വർഷം കടന്നുപോയി. കൊവിഡ് ശമിച്ചു തുടങ്ങിയതിനൊപ്പം തിരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചതോടെ ഏറെ പ്രതീക്ഷയിലാണ് പ്രചാരണ സാമഗ്രികൾ വിൽക്കുന്ന മേഖല. കൊവിഡിനെ തുടർന്ന് തിരഞ്ഞെടുപ്പ് പ്രചാരണവും പോരാട്ടവും സൈബർ ഇടങ്ങളിലേക്ക് ഒതുങ്ങിയെങ്കിലും പരമ്പരാഗത പോസ്‌റ്ററുകളും ബാനറുകളും വിവിധ പാർട്ടികളുടെ കൊടിതോരണങ്ങളും ഉപയോഗിച്ചുള്ള പ്രചാരണങ്ങൾ തീർത്തും ഇല്ലാതായിട്ടില്ല. അതുകൊണ്ടുതന്നെ ഈ മേഖലയിലെ നിരവധി പേരുടെ ജീവിത പ്രതീക്ഷകളാണ് തിരഞ്ഞെടുപ്പ് കാലത്ത് നാമ്പിടുന്നത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും സാമ്പത്തിക പ്രതിസന്ധിയിലും വലഞ്ഞുപോയ വിപണികളിൽ തിരഞ്ഞെടുപ്പ് പോരിന്റെ ആവേശവും ഊർജ്ജവും ചൂട് പിടിച്ചു വരികയാണ്. കഴിഞ്ഞ ആഴ്ച തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥി നിർണയം തുടങ്ങുകയും ഒപ്പം തന്നെ പ്രചാരണവും മുന്നോട്ട് കൊണ്ടുപോകുന്നതാണ് പാർട്ടികളുടെ തന്ത്രം. അതിനാൽ തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു.
 വിപണിയിൽ താരം 'പാർട്ടി മാസ്‌ക്'
കൊവിഡ് കാലമായതിനാൽ തന്നെ മാസ്‌കില്ലാതെ പുറത്തിറങ്ങുന്നവരെ കാണാനാകില്ല. കുറച്ച് പേർ മാസ്‌ക് ധരിക്കുന്നില്ലെന്നത് വസ്തുതയാണ്. എങ്കിലും കൊവിഡിന്റെ നിഴലിലുള്ള ഈ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളുടെ മുഖ്യ 'പ്രചാരണായുധം" പാർട്ടി ചിഹ്നം പതിച്ച മാസ്കുകളാണ്. സി.പി.എം, സി.പി.ഐ, കോൺഗ്രസ്, ബി.ജെ.പി പാർട്ടികളുടെ എല്ലാം ചിഹ്നവും മുദ്രാവാക്യവും പതിച്ച മാസ്‌കുകൾ കടകളിൽ വിൽപനയ്ക്കായി എത്തിക്കഴിഞ്ഞു. സ്ഥാനാർത്ഥികൾ ആരെന്നത് കൂടി തീരുമാനമാകുന്നതോടെ അതത് പാർട്ടികൾ സ്ഥാനാർത്ഥികളുടെ ചിത്രം കൂടി ഉൾപ്പെടുത്തി മാസ്‌കുകൾ പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മാസ്‌കുകൾ കൂടാതെ വിവിധ പാർട്ടികളുടെ പതാകകൾ, ചിഹ്നങ്ങൾ പതിച്ച തൊപ്പികൾ, കൊടിതോരണങ്ങൾ എന്നിവയടക്കം നഗരത്തിലെ കടകളിൽ ഇടം പിടിച്ചു കഴിഞ്ഞു. പുതിയ കാലത്തിന്റെ മാറ്റം എല്ലാ സാധനങ്ങളിലും കാണാനാകും. നേതാക്കളുടെ പടവുമായുള്ള ടി ഷർട്ടുകൾ, ചിഹ്നം പതിച്ച ബാഗുകൾ തുടങ്ങിയവ യഥേഷ്ടം വാങ്ങാൻ ലഭിക്കും. മാസ്‌കുകൾ കൂടുതലായും എത്തുന്നത് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നിന്നാണ്. പതാകകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും. ജനുവരിയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്തും രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നം പതിച്ച മാസ്‌കുകൾ ഉണ്ടായിരുന്നു. അന്ന് വിറ്റുപോകാത്തവ കൂടി ഇത്തവണ വിൽപനയ്ക്ക് എത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോൾ തദ്ദേശത്തെക്കാൾ കൂടുതൽ ഉഷാറായി കച്ചവടം നടക്കുമെന്ന പ്രതീക്ഷയാണ് വിൽപനക്കാർക്ക്.
 മൈക്ക് സെറ്റുകാർക്കും പ്രതീക്ഷ
എത്ര വലിയ തോതിൽ ഇ - പ്രചാരണം നടന്നാലും തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഒഴിവാക്കാനാകാത്തതാണ് മൈക്ക് അനൗൺസ്‌മെന്റ്. ഭരണപക്ഷവും പ്രതിപക്ഷവും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടുന്നത് മൈക്ക് അനൗൺസ്‌മെന്റിലൂടെയാണ്. ഭരണകക്ഷിയുടെ നേട്ടങ്ങൾ ഉറക്കെ വിളിച്ചുപറയാനും സർക്കാരിന്റെ അഴിമതിക്കഥകൾ വിളിച്ചു പറയാനും അവർ തയ്യാറാവുകയാണ്. കൊവിഡിനെ തുടർന്ന് തീർത്തും വരുമാനം നിലച്ച നിലയിലായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലുള്ളവർ. ലോക്ക് ഡൗൺ കഴിഞ്ഞിട്ടും നിയന്ത്രണങ്ങൾ പൂർണമായി മാറാത്തതിനാൽ ആഘോഷങ്ങളും ചടങ്ങുകളും മറ്റും ഇനിയും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് സീസണിലാണ് ഇവരുടെ പ്രതീക്ഷ. പ്രിന്റിംഗ് സ്ഥാപനങ്ങൾ, ആർട്ടിസ്റ്റുകൾ, സൗണ്ട് സിസ്റ്റം ഓപ്പറേറ്റർമാർ തുടങ്ങിയവർക്ക് ഇപ്പോൾ തന്നെ ഓർഡറുകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.