vinodini

തിരുവനന്തപുരം: ഐ ഫോൺ വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണൻ. വിവാദ ആരോപണങ്ങളെല്ലാം വിനോദിനി ബാലകൃഷ്‌ണൻ നിഷേധിച്ചു.സന്തോഷ് ഈപ്പൻ തനിക്ക് ഐ ഫോൺ സമ്മാനിച്ചിട്ടില്ല. സന്തോഷ് ഈപ്പനെ തനിക്ക് അറിയില്ല. കസ്‌റ്റംസിന്റെ നോട്ടീസ് തനിക്ക് കിട്ടിയിട്ടില്ലെന്നും വിനോദിനി അറിയിച്ചു.

അതേസമയം ഫോൺ നൽകിയത് സ്വപ്‌നയ്‌ക്കാണെന്നും ഫോൺ സ്വപ്‌ന ആർക്കാണ് നൽകിയതെന്ന് അറിയില്ലെന്നും യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ പ്രതികരിച്ചു. കോടിയേരി ബാലകൃഷ്‌ണനെ താൻ കണ്ടിട്ടില്ലെന്നും വിനോദിനിയെ തനിക്ക് അറിയില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വിനോദിനി ബാലകൃഷ്‌ണനും കരമന സ്വദേശിനിയായ അഭിഭാഷക എസ്.ദിവ്യയ്‌ക്കും കസ്‌റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. ബുധനാഴ്‌ച കൊച്ചിയിലെ ഓഫീസിലെത്താനാണ് നോട്ടീസ്. യുഎഇ കോൺസൽ ജനറൽ ജമാൽ അൽസാബിയ്‌ക്ക് കോഴയായി സ്വ‌പ്‌നയുടെ കൈവശം നൽകിയ ഫോണാണ് വിനോദിനി ഉപയോഗിച്ചതെന്നാണ് കസ്‌റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഈ ഫോണിൽനിന്നും യു.എ.എഫ്.എക്‌സ് എന്ന വിസ സ്‌റ്റാമ്പിംഗ് കമ്പനിയുടെ ഉടമയെ നിരന്തരം വിളിച്ചതായി കസ്‌റ്റംസിന് വിവരമുണ്ട്. എന്നാൽ സ്വർണക്കടത്ത് വിവാദമായതോടെ പിന്നീട് ഈ ഫോണിൽ നിന്നും ആരെയും വിളിക്കാതെയായതായും കസ്‌റ്രംസ് കണ്ടെത്തി.