
മൈലാഞ്ചിക്കെന്നും ഒരു കാല്പനിക സൗന്ദര്യപരിവേഷമുണ്ട്. നമ്മുടെ നാടൻ പാട്ടുകളിലും നാടോടിഗാനങ്ങളിലും കുപ്പിവളയും മൈലാഞ്ചിയിട്ട കരങ്ങളാൽ താളം കൊട്ടുന്ന പെൺകിടാങ്ങളുടെ സുന്ദരമായ വർണ്ണനകൾ ഉണ്ട്. പുരാതനകാലം മുതൽ മൈലാഞ്ചി ചർമ്മസംരക്ഷണത്തിനും ശരീരം തണുപ്പിക്കുന്നതിനും ഉപയോഗിച്ചിരുന്നു. രാജസ്ഥാനികൾ മണ്ണും മൈലാഞ്ചിയും ചേർത്ത മിശ്രിതം കൈകാലുകളിൽ പുരട്ടിയിരുന്നു. ശേഷം മണ്ണുചുരണ്ടി കളഞ്ഞ് അവർ അങ്ങനെ തങ്ങളുടെ ശരീരതാപം കുറച്ചിരുന്നു. കൈപ്പത്തികളിലെ അനവധി ഞരമ്പുകൾക്ക് മൈലാഞ്ചി വിശ്രമം നൽകുന്നു. പണ്ട് ഭർത്താവ് യുദ്ധക്കളത്തിൽ പോകുമ്പോൾ ഭാര്യ ഭർത്താവിന്റെ വലത് കരത്തിൽ സുരക്ഷയ്ക്കായി തന്റെ സ്നേഹം ഓർമ്മിപ്പിക്കുവാനും മൈലാഞ്ചി അണിയിച്ചിരുന്നു.
മൈലാഞ്ചി ദൃഷ്ടിദോഷം അകറ്റുകയും ആഭിചാരത്തിൽ നിന്നും രക്ഷിക്കുകയും ചെയ്തിരുന്നതായി മുൻതലമുറക്കാർ വിശ്വസിച്ചിരുന്നു. ആയുർവേദത്തിൽ മൈലാഞ്ചിക്ക് പ്രധാന സ്ഥാനമുണ്ട്. ഇന്ന് ഹെന്ന അല്ലെങ്കിൽ മൈലാഞ്ചി അധികമായി ഉപയോഗിക്കുന്നത് നരയകറ്റുവാനും കൈകാലുകൾ ഭംഗിയായി അലങ്കരിക്കുവാനുമാണ്. വിവാഹത്തിന് മൈലാഞ്ചി അണിയാത്ത വധുക്കൾ ഇന്ന് വിരളമാണ്.
മൈലാഞ്ചി അണിയൽ എന്ന കലയിൽ ഇന്ന് നിരവധി വൈവിദ്ധ്യങ്ങൾ ഉണ്ട്. പുതിയ പരീക്ഷണങ്ങളിൽ സ്വർണവർണം പുരട്ടി വരയ്ക്കുന്നതാണ് 'സർദോസി" രീതി. സ്വരോവസ്കി രീതിയും ഇന്ന് ധാരാളം പേർ ഉപയോഗിക്കുന്നു. നമ്മുടെ നാട്ടിൽ പരമ്പരാഗത രീതിയ്ക്കാണ് ഏറെ പ്രിയം. ഇവിടെ പല ആശയചിത്രങ്ങളും കൈകളിൽ മൈലാഞ്ചികൊണ്ട് രചിക്കുന്നു. രാസലീല, രാധാകൃഷ്ണ, മുഗൾ സംസ്കാരം തുടങ്ങിയവ. അറേബ്യൻ മെഹന്തിക്ക് ഒരിക്കലും പുതുമ നഷ്ടപ്പെടില്ലെന്ന പ്രത്യേകതയുണ്ട്.
ഇത് ക്ഷമയോടെ മനോധർമ്മം അനുസരിച്ച് കലാപരമായി സ്വയം പരീക്ഷിക്കാവുന്നതാണ്. കടകളിൽ നിന്നും വാങ്ങുന്ന മൈലാഞ്ചിപ്പൊടി നന്നായി അരിച്ചെടുക്കുക. അതിനുശേഷം യൂക്കാലിപ്റ്റസ് എണ്ണയും തേയിലവെള്ളവും ഒഴിച്ച് കുഴയ്ക്കുക. ഈ മിശ്രിതം പത്ത് മണിക്കൂർ വയ്ക്കണം. എന്നിട്ട് ചെറിയ പ്ളാസ്റ്റിക് കോണുകൾ ഉണ്ടാക്കി അതിൽ മിശ്രിതം നിറയ്ക്കുക. നേർമ്മയായി വരയ്ക്കാൻ കോണിന്റെ അറ്റത്ത് ചെറിയ ദ്വാരം ഉണ്ടാക്കുക. ഇനി വരയ്ക്കുന്നതെങ്ങനെയെന്ന് നോക്കാം. ആദ്യം കൈകളിൽ യൂക്കാലിപ്റ്റസ് എണ്ണയോ, മൈലാഞ്ചി എണ്ണയോ പുരട്ടുക. ഭാവനയും കരവിരുതും ഉപയോഗിച്ച് കൈകളിൽ മനോഹരമായ രൂപരേഖ വരയ്ക്കണം. ഇത് പെട്ടെന്ന് ഉണങ്ങാൻ അനുവദിക്കാതെ പഞ്ചസാരയും ചെറുനാരങ്ങാനീരും കലർത്തിയ മിശ്രിതം പഞ്ഞി ഉപയോഗിച്ച് കൈയിലെ മൈലാഞ്ചിയിൽ നനയ്ക്കുക.
കുറഞ്ഞത് ഇങ്ങനെ പത്ത് മണിക്കൂറെങ്കിലും തുടരണം. ഉണങ്ങിയ ശേഷം മൈലാഞ്ചി ചുരണ്ടി കളയുക. വെള്ളം ഉപയോഗിച്ച് കഴുകുന്നതിന് മുമ്പ് കൈയിൽ വെളിച്ചെണ്ണ തേച്ച് ഒരു മണിക്കൂറെങ്കിലും വിശ്രമിക്കണം. വിശേഷദിവസങ്ങളിൽ ഭാഗ്യവും ശുഭഫലങ്ങളും മൈലാഞ്ചി പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. അഞ്ഞൂറ് വർഷത്തിലേറെയായി ഇന്ത്യയിലും ആഫ്രിക്കയിലുും അറബ് രാജ്യങ്ങളിലും മൈലാഞ്ചി ഉപയോഗിച്ച് വരുന്നു. ഇന്ന് എല്ലാ ജാതി മതസ്ഥർക്കും മൈലാഞ്ചി കല്യാണം പ്രധാനമായ ചടങ്ങോ ആഘോഷമോ ആയി മാറിയിട്ടുണ്ട്. പുതുതലമുറ കല്യാണങ്ങൾക്ക് മാറ്ര് കൂട്ടുന്നതിൽ മെഹന്ദി കല്യാണത്തിന് വലിയ പ്രാധാന്യമുണ്ട്.